സ്‌കൂള്‍ ബസുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

Posted on: September 6, 2013 9:40 pm | Last updated: September 6, 2013 at 9:40 pm

Flashing Lights and Sign on School Busഅല്‍ ഐന്‍: സ്‌കൂള്‍ ബസുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. സ്‌കൂള്‍ ബസുകളുടെ അകവും പുറവും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണമുണ്ടാകും. കുട്ടികള്‍ക്കു സുരക്ഷിത യാത്ര സാധ്യമാക്കണമെന്ന അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍ നല്‍കിയ നിര്‍ദേശത്തിന്റെ ഭാഗമായാണു ബസുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചത്. അല്‍ഐനിലെ 304 സ്‌കൂള്‍ ബസുകളില്‍ ക്യാമറകള്‍ ഇടംപിടിച്ചിട്ടുണ്ട്. അബുദാബി എമിറേറ്റില്‍ വിദ്യാര്‍ഥികളുടെ ബസ് യാത്രയ്ക്കായി പുതിയ അധ്യയനവര്‍ഷം സമഗ്ര പരിഷ്‌കരണമാണു നടപ്പാക്കുന്നത്.
ഒരു ബസില്‍ ഏഴു ക്യാമറകളാണ് ഉണ്ടാവുക. മൂന്നു ക്യാമറകള്‍ ബസിനകത്തും നാലെണ്ണം പുറത്തുമാണു ഘടിപ്പിച്ചത്. കുട്ടികള്‍ അപായപ്പെടാതിരിക്കാനും അവരുടെ ചലനങ്ങള്‍ കാണാനും ഡ്രൈവര്‍ക്കു സാധിക്കുന്നതിലൂടെ കുട്ടികള്‍ അപകടത്തില്‍ പെടുന്നതൊഴിവാക്കാനാകും.
മുപ്പതു ദിവസം വരെ ക്ലിപ്പുകള്‍ സൂക്ഷിക്കാന്‍ കഴിയുന്നതാണു ക്യാമറകള്‍. ബസിനകത്തു കുട്ടികളെ അച്ചടക്കമുള്ളവരാക്കാനും ക്യാമറകള്‍ കൊണ്ടു സാധിക്കും. ഇവ പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ചു ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. പ്രത്യേക പ്രോഗ്രാം ഉപയോഗിച്ചു തുറന്നാല്‍ മാത്രമേ ക്യാമറകളിലെ ക്ലിപ്പുകള്‍ കാണാന്‍ സാധിക്കുകയുള്ളൂ.