കിണറുകള്‍ വറ്റിയത് കടല്‍ഭിത്തിയിലെ ഫൈബര്‍ഷീറ്റ് കാരണമെന്ന് നിഗമനം

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 2:03 pm

വടകര: അഴിയൂരില്‍ 40 കിണറുകള്‍ വറ്റിയതിന് കാരണം കടല്‍ഭിത്തിക്കിടയിലെ ഫൈബര്‍ ഷീറ്റെന്ന് നിഗമനം.

അഴിയൂര്‍ കടലോരത്തെ കൊട്ടിക്കൊല്ലം ഭാഗത്ത് വറ്റിയ കിണറുകള്‍ ഭൂഗര്‍ഭ ജലവകുപ്പ് പരിശോധിച്ചു. ഈ ഭാഗത്ത് നടുത്തോട് മുതല്‍ കീരിത്താട്ട് വരെയുള്ള ഭാഗത്ത് സുനാമി പ്രതിരോധ നടപടിയുടെ ഭാഗമായി നിര്‍മിച്ച കരിങ്കല്‍ ഭിത്തിയുടെ അടിയില്‍ പാകിയ ഫൈബര്‍ ഷീറ്റ് കാരണമാണ് വെള്ളം വറ്റാന്‍ ഇടയായതെന്നാണ് പ്രാഥമിക നിഗമനം.
വിശദമായ പരിശോധനക്ക് ശേഷം സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതുതായി കരിങ്കല്‍ ഭിത്തി നിര്‍മിച്ച ഭാഗത്തെ കിണറുകള്‍ മാത്രമാണ് വറ്റിയത്. കടല്‍ഭിത്തി നേരത്തെ നിര്‍മിച്ച സ്ഥലങ്ങളിലെ കിണറുകളില്‍ ഈ പ്രതിഭാസം നടന്നിട്ടില്ല. അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് സ്ഥാപിച്ച ഭാഗത്ത് സുഗമമായ രീതിയില്‍ ഭൂഗര്‍ഭ ജലത്തിന്റെ ഒഴുക്ക് നടക്കാത്തതും ഉപ്പുവെള്ളവും ശുദ്ധജലവും വേര്‍തിരിക്കുന്ന പ്രകൃതിദത്ത മേഖലയില്‍ തടസ്സമുണ്ടായതുമാണ് കിണറുകള്‍ വറ്റാന്‍ കാരണമെന്നാണ് നിഗമനമെന്ന് ഭൂഗര്‍ഭജല വകുപ്പ് ജില്ലാ ഓഫീസര്‍ ആര്‍ ഗോപകുമാര്‍ പറഞ്ഞു. ഇതിനുള്ള ഏക പരിഹാരം വെള്ളം വറ്റിയ കിണറുകളുടെ ആഴം കൂട്ടുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നാല് ദിവസം മുന്‍പാണ് കിണറുകളില്‍ വെള്ളം വറ്റിയത്. പരിശോധനക്ക് ഹൈഡ്രോജിയോളജിസ്റ്റ് കെ രാധാകൃഷ്ണന്‍, ജൂനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഇ പി സീമ, അരുണ്‍കുമാര്‍ നേതൃത്വം നല്‍കി.