സോളാര്‍ പ്രക്ഷോഭത്തെ നേരിടാനാണ് ശ്രമമെങ്കില്‍ വെല്ലുവിളി ഏറ്റെടുക്കും: പിണറായി

Posted on: September 5, 2013 11:41 pm | Last updated: September 5, 2013 at 11:41 pm

PINARAYI VIJAYANകൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പ്രക്ഷോഭത്തെ മര്‍ദനത്തിലൂടെ വെല്ലുവിളിക്കാനാണ് ശ്രമമെങ്കില്‍ എന്തുശക്തി ഉപയോഗിച്ചും ആ വെല്ലുവിളി ഏറ്റെടുക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ ജയപ്രസാദ് എന്ന ചെറുപ്പക്കാരനെ പൊലീസ് മൃഗീയമായി ആക്രമിച്ചതും ജനനേന്ദ്രിയം തകര്‍ക്കാന്‍ ശ്രമിച്ചതും മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അറിവോടെയാണെണെന്നാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയ പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ് എടുക്കാത്തതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
ജയപ്രസാദിനെ പോലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടുന്നതും ലാത്തികൊണ്ട് മൃഗീയമായി മര്‍ദിക്കുന്നതും പാന്റിന്റെ സിബ് തുറന്ന് ജനനേന്ദ്രിയം കേടുവരുത്താന്‍ ശ്രമം നടത്തുന്നതുമൊക്കെ എല്ലാവരും കണ്ടതാണ്. ഇതില്‍ ഒരു തെറ്റ് ചെയ്താല്‍ തന്നെ കൊലപാതക ശ്രമത്തിന് കേസെടുക്കാം. എന്നാല്‍ ഇവിടെ അത്തരമൊരു വകുപ്പും ചുമത്താതിരിക്കുന്നത് മര്‍ദനം മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അറിവോടെയാണെന്ന തെളിയിക്കുന്നതാണ.് .പോലീസിനെ വന്‍തോതില്‍ ക്രിമിനല്‍വത്കരിക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമായ സംഭവമാണ്. കരിങ്കൊടി കാണിച്ചാല്‍ ശാരീരികമായി തകര്‍ക്കുമെന്ന നിലയില്‍ എന്തിനാണ് പോലീസ് ഇത്ര ക്രൂരമാകുന്നത്. പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ തകര്‍ക്കുമെന്ന നിലയിലും ലൈംഗികശേഷിപോലും ഇല്ലാതാക്കുമെന്ന നിലയിലും നാണംകെട്ട സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അറിവും അനുവാദവും ഇല്ലാതെ ഇത്തരം അഴിഞ്ഞാട്ടം നടക്കില്ല. പ്രക്ഷോഭത്തെ നേരത്തെ നേരിട്ട രീതിയില്‍ നേരിടുമെന്ന ദുഃസൂചനയാണ് ഇത് നല്‍കുന്നത്.ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ മൂലം കേരളം ഭരണമില്ലാത്ത സംസ്ഥാനമായി മാറിയിരിക്കുകയാണെന്ന് പിണറായി വിജയന്‍.
പേരിനൊരു മുഖ്യമന്ത്രിയുണ്ടെങ്കിലും മന്ത്രിസഭ ചെയ്യേണ്ട ചുമതലകളൊന്നും ചെയ്യുന്നില്ല. അനുദിനം കുതിച്ചുയരുന്ന വിലക്കയറ്റത്താല്‍ പൊരുത്തപ്പെടാനാകാതെ ജനം വലയുകയാണ്. തട്ടിപ്പുകാരുടെ സംരക്ഷകനായി മുഖ്യമന്ത്രി മാറിയെന്ന് പിണറായി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറ്റിലയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷന്‍ നമുക്കൊരു ഒരത്താണിയായിരുന്നു. എന്നാല്‍ കേട്ടാല്‍ മനോഹരമായ പേരോട് കൂടിയ പാസാക്കിയിരിക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം വലിയ കെടുതിയാണ് കൊണ്ടുവരാന്‍ പോകുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
സോളാര്‍ കേസിന്റെ അന്വേഷണം അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്ന് സി പി ഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം കാനം രാജേന്ദ്രന്‍ പറഞ്ഞു. അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി പി ഐ എറണാകുളം ജില്ലാ അസി. സെക്രട്ടറി കെ എം ദിനകരന്‍ അധ്യക്ഷത വഹിച്ചു. ടി പി പീതാംബരന്‍ മാസ്റ്റര്‍, കുന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ., പി സി തോമസ്, സെബാസ്റ്റ്യന്‍ പോള്‍, സി എം ദിനേശ്മണി, ജോര്‍ജ് ഇടപ്പതത്തി, ജോര്‍ജ് സ്റ്റീഫന്‍, അഡ്വ.ജാര്‍ജ് തോമസ് സംസാരിച്ചു.