കെ എസ് ആര്‍ ടി സിയും സ്വകാര്യവാഹനങ്ങളും സര്‍വീസ് നടത്തി മോട്ടോര്‍ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു

Posted on: September 5, 2013 6:00 am | Last updated: September 5, 2013 at 12:04 pm

കണ്ണൂര്‍: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹനതൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കണ്ണൂര്‍ ജില്ലയില്‍ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യ ബസുകള്‍ ടാക്‌സികള്‍ തുടങ്ങിയ നിത്തിലിറങ്ങിയില്ല. എന്നാല്‍ ജില്ലയിലെ വിവിധ റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി ബസുകളും സര്‍വീസ് നടത്തിയിരുന്നു. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും ഓടിയിരുന്നു. വാഹനപണിമുടക്കിനെ തുടര്‍ന്ന് ജില്ലയിലെ പല സ്‌കൂളുകളും ഇന്നലെ പ്രവര്‍ത്തിച്ചില്ല. ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന ഓണപ്പരീക്ഷ മാറ്റി വെച്ചിരുന്നു. ഇന്ന് പരീക്ഷ തുടങ്ങും. ഇന്നലെ നടക്കേണ്ട പരീക്ഷ 23ലേക്ക് മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില വളരെ കുറവായിരുന്നു. ഇന്നലെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായിരുന്നു പണിമുടക്ക്. പണിമുടക്ക് കാരണം നഗരങ്ങളില്‍ ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. കടകളും പലതും അടഞ്ഞ് കിടന്നു.

സര്‍വീസ് നടത്തിയ വാഹനങ്ങളെ സമരാനുകൂലികള്‍ എവിടെയും തടഞ്ഞിരുന്നില്ല. കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചില റൂട്ടുകളില്‍ ഓടിയില്ല. ഓടിയ റൂട്ടുകളിലാണെങ്കില്‍ യാത്രക്കാര്‍ പൊതുവെ കുറവായിരുന്നു. കണ്ണൂരില്‍ നടക്കുന്ന സരസ്, കൈത്തറി മേളകളെയും പണിമുടക്ക് ബാധിച്ചു. സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, ബി എം എസ്, എസ് ടി യു, എച്ച് എം എസ് എന്നീ സംഘടനകളടങ്ങുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്കിനാഹ്വാനം ചെയ്തത്.