അധ്യാപനത്തിന്റെ മഹത്വവും മാതൃകയും

Posted on: September 5, 2013 6:00 am | Last updated: September 4, 2013 at 11:40 pm

krishnan

മുന്‍ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനും ദാര്‍ശനികനുമായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ന്. അധ്യാപക ദിനമായാണ് ഈ ദിവസം ആചരിക്കുന്നത്. നവംനവങ്ങളായ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ ആവിഷ്‌കരിച്ച പ്രതിഭാശാലിയായിരുന്നു ഡോ. രാധാകൃഷ്ണന്‍. അധ്യാപനവ്യത്തിയുടെ നൂതന മാതൃക പുതിയ തലമുറക്ക് പകരുന്നതില്‍ അതീവ താത്പര്യം കാണിച്ച ആള്‍.
പരസ്പരപൂരകങ്ങളായ രണ്ട് പദങ്ങളാണ് ‘അധ്യാപകന്‍- നവസമൂഹ’ നിര്‍മിതി എന്നിവ. ലോകത്തെ ധര്‍മത്തിലും നന്മയിലും അധിഷ്ഠിതമായി നയിക്കുവാനും പുനഃസൃഷ്ടിക്കാനുമുള്ള ഒന്നാമത്തെ ചുമതല അധ്യാപകനുണ്ട്. അറിവ് പകര്‍ന്നു കൊടുക്കുക എന്ന പോലെ മാന്യവും മഹത്തുമായ ഒരു തൊഴിലുമില്ല. അധ്യാപകന്‍ സാധാരണ മനുഷ്യനെ അതിലംഘിക്കുകയും ഗുരുവെന്ന പദവിയിലേക്ക് ഉയരുകയും ചെയ്യുന്നത് ‘പകര്‍ന്നു കൊടുക്കലി’ന്റെ ആഴവും അളവും അടിസ്ഥാനമാക്കിയാണ്.
അറിവിന്റെ വിസ്‌ഫോടന കാലത്താണ് നാം ജീവിക്കുന്നത്. ലഭ്യമായ അറിവ് പകര്‍ത്തി നല്‍കാന്‍ ഇന്ന് പരസഹായം ആവശ്യമില്ല. ഇവിടെ അറിവ് ഉത്പാദനകേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍ ഉയരണം. അതിനു നേതൃത്വമേകുന്ന അധ്യാപകന്റെ മുഴുവന്‍ സാധ്യതയും നിലകൊള്ളുന്നത് ഇത്തരമൊരു പഠന പ്രക്രിയയിലാണ്. പാഠപുസ്തകം പോലുള്ള നിര്‍മിത വസ്തുക്കളുടെ യഥോചിത വിവരണം നല്‍കാനുള്ള പ്രാപ്തിയും അധ്യാപകന്‍ ആര്‍ജിക്കണം. കാലത്തിന്റെ മാറ്റമനുസരിച്ച് പഠിപ്പിക്കുന്ന ആള്‍ വൈജ്ഞാനിക സമ്പത്ത് ആര്‍ജിക്കണം. അറിവ് തേടല്‍ ഉപാസനയായി സ്വീകരിച്ചവര്‍ക്കു മാത്രമേ ഉത്തമ അധ്യാപകനായി ശോഭിക്കാനാകൂ. ഒരു സമൂഹത്തിന്റെ നായകത്വം കൈയാളുമ്പോള്‍, അവരെ നയിക്കാനുള്ള ഏത് ആയുധമാണ് തന്റെ കൈവശമുള്ളതെന്ന ആത്മപരിശോധനയും നടത്തണം. നന്നായി അറിവ് ശേഖരിക്കാത്തവര്‍ക്ക് അറിവ് ഫലപ്രദമായി പറഞ്ഞു ഫലിപ്പിക്കാനാകില്ല. ഇത്തരക്കാര്‍ക്ക് സമൂഹത്തെ പുരോഗതിയില്‍ കൊണ്ടെത്തിക്കാനുമാകില്ല. ആശാന്റെ പിഴവ് പിഴവ് തന്നെയാണ്. സര്‍ട്ടിഫിക്കറ്റുകളുടെ ബലം മാത്രം കൊണ്ട് വിദ്യാര്‍ഥിയുടെ വിജ്ഞാന തൃഷ്ണ തൃപ്തിപ്പെടുന്ന കാലം പഴയതായി. ലോകമെമ്പാടും അധ്യാപനത്തേയും അധ്യാപകനേയും ഉറ്റുനോക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. ഇത് അധ്യപക ജോലിക്ക് ലോകോത്തര സ്വീകാര്യത വരുത്തിയിരിക്കുന്നു.
അധ്യാപകന്‍ പ്രതിഭാശാലിയാണ്. അവനിലെ പ്രതിഭാധനത്വം കാര്യക്ഷമതയോടെ ക്ലാസ് മുറികളില്‍ പ്രയോജനപ്പെടുത്തണം. അവന്റെ ജീവിതം കര്‍മനിരതമായിരിക്കണം. ആത്മവിശ്വാസം അവരുടെ മുഖമുദ്രയാകണം. സമൂഹത്തിന്റെ സമൃദ്ധി്ക്കും കാവലിനും നിയോഗിതരായിരിക്കുന്നവരാണ് തങ്ങളെന്ന് മനസ്സിലാക്കണം. തങ്ങളുടെ വ്യക്തിത്വത്തിന്റെ ശോഭ കൊണ്ട് സമൂഹം പ്രകാശിതമാകണം. അവരുടെ സാന്നിധ്യമുള്ളിടത്തോളം ഇരുട്ടുണ്ടാകരുത്. പുതിയ മാതൃകാ ചരിത്രങ്ങള്‍ രചിക്കത്തക്കവിധം ജീവിത വിശുദ്ധി സൂക്ഷിക്കാനും അധ്യാപകര്‍ക്ക് ബാധ്യതയുണ്ട്. ഈ ബാധ്യത ഫലപ്രദമായി നിര്‍വഹിക്കുന്നിടത്താണ് അധ്യാപകന്റെ മഹത്വം കുടികൊള്ളുന്നത്. അധ്യാപകന്റെ വാക്കിന് മറ്റാരുടെ വാക്കിനേക്കാളും തൂക്കമുണ്ട്. അതുകൊണ്ടുതന്നെ അവന്റെ ദൈനംദിന ഇടപെടലുകള്‍ സൂക്ഷ്മത്തോടെ വേണം. തന്നിലെ അസാധാരണത്വം അനുനിമിഷം ഏറ്റുപിടിക്കാന്‍ ലക്ഷങ്ങള്‍ കണ്ണും കാതുമോര്‍ത്ത് നിലകൊള്ളുന്നു എന്ന ബോധം അവരില്‍ സദാ ഉണ്ടായിരിക്കണം.
വിദ്യാലയത്തിലെ ‘ലയം’ ശ്രദ്ധിക്കുക. അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും മനസ്സുകള്‍ തമ്മില്‍ ലയിക്കുന്നിടത്താണ് വിദ്യാലയങ്ങള്‍ ഉണ്ടാകുന്നത്. ലയമില്ലെങ്കില്‍ ക്ലാസുമുറികള്‍ കേവലം ജീവനില്ലാത്ത ഭിത്തികള്‍ മാത്രം. ക്ലാസ് മുറികളിലെ സജീവതയിലെ ‘ജീവന്‍’ പരിഗണിക്കുക. അതൊരു മഹത്തായ പ്രതിഭാസമാണ്. അധ്യാപകന് മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ‘ജീവന്റെ’ പ്രതിഭാസം. മനുഷ്യോചിതവും കാലോചിതവുമായി ‘ജീവനെ’ പരിവര്‍ത്തിപ്പിക്കാനും സമൂഹത്തെ സൃഷ്ടിക്കാനുമുള്ള ഈ ചുമതല ആജീവനാന്തം നിര്‍വഹിക്കപ്പെടണം. സ്‌കൂളുകള്‍ പൂവാടികളാണെന്ന വിഖ്യാത വാക്യം നമുക്ക് സ്മരിക്കാം. സൂക്ഷ്മത്തോടെയുള്ള പരിചരണം ഇല്ലെങ്കില്‍ ഏതു പൂവാടിയേയും കളകള്‍ കീഴടക്കാം. അതിന് അനുവദിക്കാതെ, കാവലിരിക്കുന്ന അധ്യാപക സമൂഹം എക്കാലത്തും കേരളത്തിന്റെ അമൂല്യമായ സമ്പത്താണെന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അത് ഇനിയും തുടരുമെന്ന് ഈ ദിനത്തില്‍ നമുക്ക് പുനരര്‍പ്പണം നടത്താം.
വിഭ്രമാത്മകതയുടെയും പ്രലോഭനത്തിന്റെയും മുഖ്യധാരക്ക് അനുസരിച്ചാകരുത് അധ്യാപക ജീവിതം. ലാളിത്യത്തോടും എളിമയോടും അവര്‍ സമരസപ്പെടണം. ഞാനെന്ന ഭാവമോ അഹങ്കാരമോ അവരില്‍ നിന്നുണ്ടാകരുത്. വേദന അനുഭവിക്കുന്നവരുടെ ഇടയില്‍ അവര്‍ വ്യാപരിക്കണം. ജീവിതത്തിന്റെ വിഷമ മുഹൂര്‍ത്തങ്ങള്‍ക്കു നേരെ അവര്‍ പതറാത്ത മനസ്സ് കാണിക്കണം. ധനാര്‍ത്തിയും ധൂര്‍ത്തും അവരിലേക്ക് കടന്നുവരരുത്.
മികച്ച വായനക്കാരും സങ്കുചിതമായ എല്ലാ ചിന്തയില്‍ നിന്നും വിട്ടുനില്‍ക്കുന്നവരുമാകണം. ഇപ്രകാരം ജീവിതം നയിക്കുന്നവരുടെ ഉപദേശങ്ങള്‍ സമൂഹം ആര്‍ത്തിയോടെ സ്വീകരിക്കാതിരിക്കില്ല. തന്റെ ചുമതലയുടെ ഉത്കൃഷ്ടതയെക്കുറിച്ച് അവബോധം നേടുന്ന പ്രവര്‍ത്തനത്തിലും അധ്യാപക സമൂഹം വ്യാപൃതമാകണം. രാഷ്ട്രീയ നേതാവിനേയും സാഹിത്യനായകനേയും ശാസ്ത്രജ്ഞനേയും നിയമജ്ഞനേയും ഒക്കെ സൃഷ്ടിക്കുന്നത് താനെന്ന അധ്യാപകനാണെന്ന് സദാ ഓര്‍മയില്‍ വേണം. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ വഴിപിഴക്കലുകള്‍ക്ക് ഒന്നാമത്തെ കാരണക്കാര്‍ അധ്യാപകരാണെന്നതും അറിയണം.
കാലാതിവര്‍ത്തിയായ മൂല്യ സങ്കല്‍പ്പങ്ങളാണ് നമ്മുടെ രാഷ്ട്ര പാരമ്പര്യത്തിലുള്ളത്. നളന്ദ, തക്ഷശില സര്‍വകലാശാലകളും വിഖ്യാതമായ ശാന്തി നികേതനവും നമുക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളോ ചരിത്രമോ ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറിവ് നേടാന്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് വന്നിരുന്ന ആ പഴയ പ്രതാപ കാലഘട്ടം തിരിച്ചുപിടിക്കാനുള്ള സമയമായി. അതിനുള്ള ഊര്‍ജസംഭരണത്തിനുള്ള പ്രേരണാ ദിനം കൂടിയാണിന്ന്. കേരളത്തെ സംബന്ധിച്ച് വിദ്യാഭ്യാസ കാര്യത്തില്‍ മുമ്പെങ്ങുമില്ലാത്ത ഉണര്‍വ് സംജാതമായിട്ടുണ്ട്. അധ്യാപകന്റെ മുഖത്തെ സംതൃപ്തിയില്‍ നിന്നാണ് നമുക്ക് നേട്ടങ്ങള്‍ ഉണ്ടാക്കാനാകുക. അതാണ് ഇപ്പോള്‍ ആര്‍ജിക്കുന്നതും.
ഭാഗ്യവശാല്‍ അവകാശ സംരക്ഷണം പോലെ കര്‍ത്തവ്യ നിര്‍വഹണവും അധ്യാപകര്‍ ഭംഗിയായി നിറവേറ്റിപ്പോരുന്നു. വീഴ്ചകള്‍ സംഭവിക്കുന്നുവെങ്കില്‍ തിരുത്താനുള്ള അവസരം കൂടിയാണ് ഈ ദിനം ഓര്‍മിപ്പിക്കുന്നത്. നഗരത്തിന്റെ തിരക്കിലും വന്യമൃഗ ഭീഷണി ഉള്ളിടത്തും വാഹനങ്ങള്‍ കണ്ടിട്ടില്ലാത്ത ഇടങ്ങളിലും മറ്റും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടുത്തെ അധ്യാപകരുടെ സാമൂഹിക പ്രതിബദ്ധത എടുത്തു പറയാനുള്ള അവസരം കൂടിയാണിത്. പ്രത്യേക പരിഗണന ആവശ്യമായി വരുന്ന കുട്ടികളുടെ അധ്യാപകരെ യും സ്മരിക്കുന്നു.
സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗം വളരെ കരുത്തോടെയും കരുതലോടെയും മുമ്പോട്ട് പോകുകയാണ്. വരും തലമുറക്ക് ജീവിത സുരക്ഷിതത്വത്തിനു വേണ്ട അറിവും സാമഗ്രികളും ഒരുക്കുന്നതില്‍ നാം മുമ്പിലാണ്. മലയാളം സര്‍വകലാശാലയും സാങ്കേതിക സര്‍വകലാശാലയുമെല്ലാം ഈ പന്ഥാവില്‍ വെളിച്ചം വിതറുന്നു. എല്ലാറ്റിനേയും സമൂഹബന്ധിയും ഗന്ധിയുമാക്കാന്‍ അധ്യാപകര്‍ക്കു മാത്രമേ കഴിയൂ. അവര്‍ അസാധാരണ വൈദഗ്ധ്യത്തോടെ ആ ചുമതല നിര്‍വഹിക്കുമെന്ന് എനിക്ക് നന്നായി അറിയാം. അറിവിന്റെ മേഖല പോലെ തന്നെ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ വകുപ്പ് നേട്ടം കൈവരിച്ചിട്ടുണ്ട്. ഉത്സാഹപൂര്‍ണമായ കുതിപ്പും ആവശേവും എന്നും വിദ്യാലയങ്ങളില്‍ നിറക്കാന്‍ അധ്യാപകര്‍ അവരുടെ കരുത്തും കഴിവും ഉപയോഗിക്കുമെന്ന് പ്രത്യാശിക്കുന്നു.