പാക്കിസ്ഥാനില്‍ കള്ളപ്രവാചക അറസ്റ്റിലായി

Posted on: September 4, 2013 12:05 am | Last updated: September 4, 2013 at 1:10 am

ലാഹോര്‍: പാക്കിസ്ഥാനില്‍ പ്രവാചകയായി സ്വയം പ്രഖ്യാപിച്ച സത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുല്‍ബര്‍ഗിലെ വിസിനിറ്റി സ്വദേശിനിയായ തന്‍വീറിന്റെ ഭാര്യ സല്‍മ ഫാത്വിമയാണ് അറസ്റ്റിലായത്. മതനിന്ദ നിറഞ്ഞ ലഘുലേഖകള്‍ ഇവര്‍ കഴിഞ്ഞ ദിവസം പ്രദേശത്ത് വിതരണം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ചെത്തിയ പോലീസാണ് സ്ഥലത്തെ സംഘര്‍ഷാവസ്ഥക്ക് അയവ്‌വരുത്തിയത്. അറസ്റ്റ് ചെയ്ത സ്ത്രീയെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലഘുലേഖകള്‍ വായിച്ച് ഞെട്ടിപ്പോയെന്നും പ്രദേശവാസികളില്‍ ചിലര്‍ പ്രശ്‌നപരിഹാരത്തിനായി ഫാത്വിമയെ സമീപിക്കാറുണ്ടെന്നും പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് പോലീസ് സൂപ്രണ്ട് താരിഖ് അസീസ് പറഞ്ഞു. പ്രദേശവാസിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സ്ത്രീയെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ ഭര്‍ത്താവിനേയും പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.