Connect with us

Articles

ഗ്രൂപ്പുരാഷ്ട്രീയം: ഒരു ചരിത്രവിചാരണ

Published

|

Last Updated

പുരാതന ഗ്രീസുകാര്‍ക്കിടയില്‍ കുപ്രസിദ്ധി നേടിയ ഒരു“”കെട്ടു”ണ്ടായിരുന്നു. അഴിക്കും തോറും മുറുകുകയും മുറുകും തോറും അഴിയുകയും ചെയ്യുന്ന ഒരു തരം വല്ലാത്ത കെട്ട്. അവരുടെ ഒരു പഴയ ചക്രവര്‍ത്തി ഒപ്പിച്ചുവെച്ചതായിരുന്നു ഈ ഊരാക്കുരുക്ക്. അയാളുടെ പേര് ഗോര്‍ഡിയസ്. ആയതിനാല്‍ ഈ ഊരാക്കുരുക്കിന്റെ പേര് ഗോര്‍ഡിയന്‍ നോട്ട്. ഗ്രീസില്‍ ജനിച്ചുവളര്‍ന്നു ഏഷ്യയേയും യൂറോപ്പിനേയും അടക്കി ഭരിക്കാന്‍ പ്രാപ്തനായ ഒരു യുവാവിന് മാത്രമേ ഈ കെട്ടഴിക്കാന്‍ കഴിയൂ എന്നതായിരുന്നു ദേവതകളുടെ പ്രവചനം. ചക്രവര്‍ത്തി പദം മോഹിച്ചെത്തിയ പല യുവാക്കളും കെട്ടഴിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സംഗതി നടന്നില്ല. ഒടുവില്‍ ചരിത്രം, “മഹാനായ അലക്‌സാണ്ടറെ”ന്ന് പ്രകീര്‍ത്തിക്കുന്ന ചെറുപ്പക്കാരന്‍ എത്തി. അയാള്‍ ചരടെടുത്ത് തിരിച്ചും മറിച്ചും നോക്കി. അഴിക്കാനൊന്നും മെനക്കെട്ടില്ല. അരയില്‍ തിരുകിയിരുന്ന കഠാരി ഉറയില്‍ നിന്നൂരി ഒറ്റവെട്ട്. ഗോര്‍ഡിയസിന്റെ കെട്ടിന്റെ കഥ അതോടെ കഴിഞ്ഞു. സംഗതി നടത്തിക്കഴിഞ്ഞപ്പോള്‍ പല ശുംഭന്മാരും പറഞ്ഞു. ഇങ്ങനെ മതിയായിരുന്നെങ്കില്‍ ഇത് ഞങ്ങള്‍ നേരത്തെ ചെയ്യുമായിരുന്നല്ലോ എന്ന്. പറഞ്ഞിട്ടെന്ത്, അലക്‌സാണ്ടര്‍ തന്നെയാണ് കാലം കാത്തിരുന്ന ധീരസേനാനിയെന്നു പുരോഹിതര്‍ വിധി എഴുതി.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ കെട്ടഴിക്കാനും മറ്റൊരലക്‌സാണ്ടര്‍ തന്നെ വേണ്ടിവരുമെന്നാണ് തോന്നുന്നത്. ഗ്രൂപ്പ് പോര് മുതല്‍ അഴിമതിയും കെടുകാര്യസ്ഥതയും വരെയുള്ള സകല രാഷ്ട്രീയ ജീര്‍ണതകളും ഒരു പകര്‍ച്ചവ്യാധി പോലെ കോണ്‍ഗ്രസില്‍ തുടങ്ങി മറ്റു കക്ഷികളിലേക്ക് പടര്‍ന്നു പിടിച്ചുകഴിഞ്ഞു. ചില്ലറ ഒറ്റമൂലികള്‍കൊണ്ടൊന്നും ഈ വ്യാധി ശമിക്കാനിടയില്ല. പ്രധാന പ്രതിപക്ഷമായ ബി ജെ പിയില്‍ തുടങ്ങി വീരേന്ദ്ര കുമാറിന്റെ കൊച്ചു സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ വരെയും ഗ്രൂപ്പ് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണല്ലോ. ഒറ്റയാള്‍ പാര്‍ട്ടികളായ ആര്‍ ബാലകൃഷ്ണ പിള്ളയുടെയും ജോണി നെല്ലൂരിന്റെയും പാര്‍ട്ടികളില്‍ പോലും ഗ്രൂപ്പ് യുദ്ധം സജീവമാണ്. പിന്നെ നാട്ടിലെവിടെയും കൊടിപിടിക്കാനും പോസ്റ്ററൊട്ടിക്കാനുമൊക്കെ പത്താളുള്ള കോണ്‍ഗ്രസിലും സി പി എമ്മിലും ഗ്രൂപ്പില്ലാതിരിക്കുമോ? കെ എം മാണി സാറിന്റെ പാര്‍ട്ടിയെ വേണമെങ്കില്‍ മറ്റു പാര്‍ട്ടികള്‍ക്കും ഈ കാര്യത്തില്‍ മാതൃകയാക്കാവുന്നതാണ്. പിളരുംതോറും തളരുകയും തളരും തോറും വളയുകയും ചെയ്യലായിരിക്കും ഗ്രൂപ്പുവഴക്കിന്റെ അനന്തര ഫലം എന്ന ജനാധിപത്യ പാഠം ഒന്നും ഇവരാരും കാര്യമായി എടുക്കുന്നുണ്ടെന്നു തോന്നുന്നില്ല.

സി പി എമ്മിലെ പിണറായി – വി എസ് വഴക്കുകള്‍ പോലുള്ള പാളയത്തില്‍ പടക്കു “ആഗോളവത്കരണാനന്തര ലോകത്തിലെ പ്രത്യയ ശാസ്ത്ര പ്രതിന്ധികള്‍” എന്നൊക്കെയുള്ള ഘനഗംഭീരമായ വിശേഷണങ്ങള്‍ നല്‍കി അണികളെ കൂടെ നിറുത്താനും സ്വന്തം കക്ഷത്തിലിരിക്കുന്നതു പോകാതെ തന്നെ ഉത്തരത്തിലിരിക്കുന്നത് എടുക്കാനും അവര്‍ക്ക് കഴിഞ്ഞേക്കും. ഇത്തരം ഒരാത്മവിശ്വാസത്തിലേക്കവരെ എത്തിക്കാന്‍ അഞ്ച് വര്‍ഷത്തെ യു പി എ ഭരണം തന്നെ ധാരാളം മതി. പോരാത്തതിനു ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ഗണേഷ്‌കുമാറും സരിതാ ശാലുമേനോന്മാരും ചേര്‍ന്ന് നടത്തിയ കളിയിലെ കള്ളക്കളികള്‍ മാധ്യമങ്ങള്‍ ഇങ്ങനെ നിരന്തരമായി അലക്കിക്കൊണ്ടിരിക്കുന്നതും പ്രയോജനപ്പെടും. എന്നാല്‍ ഇതു വല്ലതുമാണോ കോണ്‍ഗ്രസിന്റെ അവസ്ഥ? പണ്ടേ ദുര്‍ബല, ഇപ്പോള്‍ ഗര്‍ഭിണിയും. ഗ്രൂപ്പുവൈരം വെടിഞ്ഞൊന്നിച്ചുനിന്നപ്പോഴല്ലാതെ എപ്പോഴെങ്കിലും ഇവര്‍ക്ക് രാജ്ഭവന്‍ കാണേണ്ടിവന്നിട്ടുണ്ടോ? കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സ്വന്തം പാര്‍ട്ടിയെ തോല്‍പ്പിച്ചേ അടങ്ങൂ എന്ന വി എസ്സിന്റെ ദുര്‍വാശി ഒന്നുകൊണ്ടുമാത്രമായിരുന്നല്ലോ ഉമ്മന്‍ ചാണ്ടിക്കു മുഖ്യമന്ത്രിക്കസേര ലഭിച്ചത്? ഈ വിജയത്തിന്റെ ക്രെഡിറ്റ് ഇപ്പോള്‍ പഴയ ഐ ഗ്രൂപ്പുകാര്‍ തങ്ങളുടെ പുതിയ അങ്കച്ചേകവര്‍ ചെന്നിത്തലക്കു പതിച്ചുകൊടുക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് രാഷ്ട്രീയ വിദ്യാര്‍ഥികളും ഗവേഷകരും ഒക്കെ മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. മൗണ്ട് ബാറ്റന്‍ പ്രഭുവില്‍ നിന്നും ചെങ്കോലും കിരീടവും നെഹ്‌റു ഏറ്റുവാങ്ങുന്ന കാലം മുതലേ കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ട്. ഫേബിയന്‍ സോഷ്യലിസ്റ്റെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നെഹ്‌റു കോണ്‍ഗ്രസിനെ അദ്ദേഹം നയിക്കുന്നത് ഇടത്തോട്ടോ വലത്തോട്ടോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകരെ അലട്ടിയിരുന്നു. തരാതരം പോലെ ഇടതും വലതും മാറിയും മറിഞ്ഞും നിന്നുകൊണ്ട് കോണ്‍ഗ്രസിനേയും രാജ്യത്തേയും നയിച്ച നെഹ്‌റുവിന്റെ ഭരണപാടവവും വ്യക്തിത്വശോഭയും നിമിത്തം അദ്ദേഹത്തിന്റെ ജീവിതകാലത്ത് അത്തരം പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്നില്ല എന്നു മാത്രം.

എന്നാല്‍ നെഹ്‌റുവിന് ശേഷമുള്ള കോണ്‍ഗ്രസ്സിലെ പടലപ്പിണക്കങ്ങള്‍ക്കൊന്നിനും തന്നെ കാര്യമായ യാതൊരു പ്രത്യയശാസ്ത്ര പരിവേഷങ്ങളും ഉണ്ടായിരുന്നില്ല. പിന്നെ ഉയര്‍ന്നുവന്ന തര്‍ക്കങ്ങളത്രയും എങ്ങനെ ഭരിക്കണം എന്നതിനെച്ചൊല്ലി ആയിരുന്നില്ല, ആര് ഭരിക്കണം എന്നതിനെച്ചൊല്ലി ആയിരുന്നു. രാഷ്ട്രീയം, ജനക്ഷേമം ലക്ഷ്യമാക്കിയുള്ള ആസൂത്രണ പരിപാടികളാണെന്നുള്ള ധാരണയെ പാടെ തകിടം മറിച്ചുകൊണ്ട് അത് അവസരങ്ങളെ തന്ത്രപൂര്‍വം ഉപയോഗിച്ചു തന്‍പ്രമാണിത്തം പ്രകടിപ്പിക്കുന്ന കലയെന്ന നിലയിലേക്ക് ക്രമേണ സങ്കോചിക്കുകയായിരുന്നു. അസാധ്യമായവയെ സാധ്യമാക്കുന്ന കലയാണ് രാഷ്ട്രീയം എന്ന ആധുനിക വ്യാഖ്യാനങ്ങളൊക്കെ മൂലക്കു തള്ളി. അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളും അവയുടെ രാജാക്കന്മാരും സ്വയം സ്ഥാനത്യാഗം ചെയ്തുകൊണ്ട് ലയിച്ചു ചേര്‍ന്ന് രൂപം നല്‍കിയതായിരുന്നല്ലോ ഇന്ത്യാ റിപ്പബ്ലിക്ക്! ക്രമേണ എന്താണ് സംഭവിച്ചത്?

ആ നാട്ടുരാജ്യങ്ങളുടെ സ്ഥാനമാണ് ഇന്നത്തെ 540 പാര്‍ലിമെന്റ് മണ്ഡലങ്ങള്‍ക്ക്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ അവരെ ഭരിക്കാന്‍ ജനം വോട്ട് ചെയ്ത് ഒരാളെ വാഴിക്കുന്നു. പഴയ നാട്ടുരാജാവിന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത പദവികളും ആനുകൂല്യങ്ങളും അല്ലേ നമ്മുടെ ഭരണഘടന ഈ ജനകീയ രാജാക്കന്മാര്‍ക്കു നല്‍കിയത്? അവരുടെ പേര് കൊത്തിയ ശില്‍പ്പ ഫലകങ്ങള്‍ നാടുനീളെ. ഇന്നത്തെ ഫഌക്‌സ് ബോര്‍ഡുകള്‍ നാളെ വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രതിമകളായി മാറുകയില്ലെന്നാരുകണ്ടു. എപ്പോഴും ചിരിക്കുന്ന മുഖം; ജനങ്ങളെ അനുഗ്രഹിക്കാനെന്ന മട്ടില്‍ എപ്പോഴും കൈ ഉയര്‍ത്തിയുള്ള നില്‍പ്പ്. ചെളി പറ്റാത്ത ശുഭ്രവസ്ത്രം. ഒപ്പം പരിവാരങ്ങളുടെ വന്‍ പട. ഓരോ തിരഞ്ഞെടുപ്പും സ്വന്തം തട്ടകം മറ്റാരും തട്ടിക്കൊണ്ടുപോകാതിരിക്കാനുള്ള അങ്കം വെട്ടലായിട്ടാണ് ഓരോ ജനപ്രതിനിധിയും കാണുന്നത്. ഇന്നലെ വരെ ഒപ്പം നടന്നവന്‍ നാളെ മുതല്‍ മുഖ്യശത്രുവായി മാറുന്നു. പിന്നെയെങ്ങനെ ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളും ഉണ്ടാകാതിരിക്കും? ഈ ഗ്രൂപ്പുകളിയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എവിടെയെങ്കിലും എത്തിയിട്ടുള്ളത്. എന്തെങ്കിലും നേടിയിട്ടുള്ളത്. ഈ അങ്കം വെട്ടലിന്റെ ബാലപാഠങ്ങള്‍ ബാലജനസഖ്യപ്രായം മുതലേ അഭ്യസിച്ചു തുടങ്ങിയവരാണ് കോണ്‍ഗ്രസ്സിലെ പുതിയ തലമുറ.

കോണ്‍ഗ്രസ് മാത്രമല്ല പ്രത്യയശാസ്ത്ര ദാരിദ്ര്യം അലട്ടുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും ഇന്നു തങ്ങളുടെ പ്രവര്‍ത്തനം ഏറെക്കുറെ കോണ്‍ഗ്രസ് ശൈലിയിലേക്ക് പരിവര്‍ത്തനപ്പെടുത്തിയിരിക്കുന്നു. ഒരു ബദല്‍ സമൂഹം സാധ്യമല്ലെന്ന ആശയം ഇന്ന് രാഷ്ട്രീയരംഗത്തു ബോധപൂര്‍വം പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിദേശ കടവും സാംസ്‌കാരികമായ അധമ വിചാരവും മൂന്നാം ലോക സമ്പദ്ഘടനകളെ ആകെ മൊത്തം ലോക വന്‍ ശക്തികളുടെ ആശ്രിതരാക്കി മാറ്റിയിരിക്കുന്നു. ഇവിടെ സോഷ്യലിസത്തിന്റെ സ്ഥാനത്ത് മനുഷ്യ മുഖമുള്ള മുതലാളിത്തം എന്ന സങ്കുചിതത്വത്തിലേക്ക് ഇടതുപക്ഷ കക്ഷികള്‍ പോലും കൂറുമാറിയിക്കുന്നു. അപ്പോള്‍ പിന്നെ എന്തു പ്രത്യയശാസ്ത്രം? വ്യത്യസ്തമായ എന്തുകാഴ്ചപ്പാടുകള്‍? അധികാരം തനിക്കും തന്റെ അനന്തര തലമുറക്കും ആയി സംവരണം ചെയ്യണം. അത്രതന്നെ. കേരള രാഷ്ട്രീയത്തെ കഴിഞ്ഞ ആറേഴ് ദശകങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് പോരുകളില്‍ ഇതിനപ്പുറം മറ്റെന്തെങ്കിലും താത്പര്യം പ്രകടമായിക്കണ്ടിട്ടില്ല. ഏതെങ്കിലും ഗ്രൂപ്പ് ധ്രുവീകരണങ്ങള്‍ക്കീവഴിക്കുള്ള എന്തെങ്കിലും ദിശാബോധം നല്‍കാന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടുമില്ല.

ജാതി മാത്രമല്ല മതപരമായ ഭിന്നതകള്‍ പോലും വെടിഞ്ഞുള്ള ജനങ്ങളുടെ ഐക്യം സ്വപ്‌നം കണ്ടുകൊണ്ടായിരുന്നു 1947 ആഗസ്ത് 15ന് പുലര്‍ച്ചെ ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക ഉയര്‍ന്നതും തലേ അര്‍ധരാത്രിയില്‍ ലോകം ഉറങ്ങുമ്പോള്‍ ഒരു പുതിയ രാജ്യത്തിന്റെ പിറവി സംഭവിച്ച കാര്യം വിളംബരം ചെയ്തതും. സ്വാതന്ത്ര്യത്തിന്റെ ഈ 66-ാം വര്‍ഷത്തില്‍ നമ്മെ തുറിച്ചുനോക്കുന്നത് അന്നത്തെ സ്വപ്‌നങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരിന്ത്യ ആണ്. പുതിയ പുതിയ വെട്ടിമുറിക്കലുകള്‍, ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരിലുള്ള വേറിട്ടു നില്‍ക്കലല്ലാതെ മറ്റെന്തൊക്കെയോ താത്പര്യങ്ങള്‍ക്കു വേണ്ടിയുള്ള സംസ്ഥാന രൂപവത്കരണങ്ങള്‍…. തെലങ്കാനാ സംസ്ഥാനം പ്രഖ്യാപിക്കപ്പെട്ടതോടെ തത്തുല്യമായ അവകാശവാദങ്ങളുമായി മറ്റു പലരും രംഗത്തുവന്നു കഴിഞ്ഞു. തങ്ങള്‍ക്കു ജയിക്കാന്‍ പാകത്തില്‍ വൃത്തവും കോണും ചതുരവും ഒന്നല്ലാത്ത തരത്തില്‍ നിയോജകമണ്ഡലങ്ങളെ വെട്ടിമുറിക്കുന്ന തന്ത്രം സംസ്ഥാനങ്ങളെ വിഭജിക്കുന്നതിലും ഭരണകക്ഷി പരീക്ഷിച്ചുനോക്കുകയാണെന്നു തോന്നുന്നു. നാല് സീറ്റുകളിലധികം കിട്ടുമെങ്കില്‍ കേരളത്തേയും അതിന്റെ പൂര്‍വസ്ഥിതിയില്‍ തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വിഭജിക്കണമെന്ന ആവശ്യം നാളെ ഉയര്‍ന്നുവരുമോ എന്നു പോലും ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ കക്ഷികള്‍ക്കുയര്‍ത്തിപ്പിടിക്കാന്‍ ചില ബാനറുകളും ഉറക്കെ വിളിക്കാന്‍ ചില മുദ്രാവാക്യങ്ങളും കൂടിയല്ലേ കഴിയൂ!
ഇത്തരം പുതിയ ആവശ്യങ്ങള്‍ രംഗപ്രവേശം ചെയ്യുന്നതു വരെയെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗ്രുപ്പ് വഴക്ക് ജാതിക്കോട്ടകളുടെയും സാമുദായിക സങ്കുചിത്വങ്ങളുടെയും ചുറ്റും കറങ്ങിത്തിരിയുക തന്നെ ചെയ്യാം. കേരള പിറവി മുതല്‍ തന്നെ ഒരു ജന്മശാപം പോലെ കോണ്‍ഗ്രസിനെ ഗ്രൂപ്പിസം പ്രതിസന്ധിയിലാക്കിയിരുന്നു. 1957- 59 കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള ഭരണം നിലവില്‍ വന്ന അന്ന് മുതല്‍ തുങ്ങിയതാണ്. കോണ്‍ഗ്രസിന്റെ ജാതിരാഷ്ട്രീയക്കളി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തൊഴിലാളികളെയും ദുര്‍ബല വിഭാഗങ്ങളേയും അവരുടെ കൊടിക്കീഴില്‍ അണിനിരത്താന്‍ ശ്രമിക്കുന്നതു കണ്ടു വിറളി പൂണ്ട തിരുവിതാംകൂറിലെ ചില സമുദായപ്രമാണിമാരാണ് ഈ ജാതിഭൂതത്തെ തുറന്നു വിട്ടത്. ആ ഭൂതം ഇപ്പോള്‍ അവര്‍ക്കെതിരെ തന്നെ തിരിഞ്ഞിരിക്കുന്നതിന്റെ ചിത്രമാണ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തെ ച്ചൊല്ലിയും ഘടകകക്ഷികളുടെ വിലപേശലിനെ ചൊല്ലിയും ഇപ്പോള്‍ കേള്‍ക്കുന്ന ഒച്ചപ്പാടുകള്‍.

 

 

Latest