സരിത ഉന്നതര്‍ക്കെതിരായ പരാതി തയ്യാറാക്കിയത് പോലീസ് കസ്റ്റഡിയില്‍

Posted on: September 3, 2013 12:01 pm | Last updated: September 4, 2013 at 9:01 pm

Saritha-S-Nairപത്തനംതിട്ട: സോളാര്‍ കേസില്‍ സരിത എസ് നായര്‍ ഉന്നതര്‍ക്കെതിരായ പരാതി തയാറാക്കിയത് പോലീസ് കസ്റ്റഡിയിലിരിക്കെയാണെന്ന് വിവരം. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ പത്തനംതിട്ട ജയില്‍ സൂപ്രണ്ട് നല്‍കിയ മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും ജയിലിലെത്തിയപ്പോള്‍ സരിതയുടെ കൈവശം കുറിപ്പുകള്‍ ഉണ്ടായിരുന്നുവെന്നാണ് ജയില്‍ സൂപ്രണ്ട് വ്യക്തമാക്കിയിരിക്കുന്നത്.

ഈ കുറിപ്പുകളാണ് അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന് സരിത ആദ്യം നല്‍കിയതെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കുന്നു. അഭിഭാഷകന്റെ കൈവശം 21 പേജുകളുള്ള കുറിപ്പുകള്‍ സരിത നല്‍കിയിരുന്നതായി നേരത്തെ ജയില്‍ സൂപ്രണ്ട് മറ്റൊരു മറുപടിയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. സരിതയുടെ പരാതി അട്ടിമറിച്ചതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.