പ്രതികളെ ഓര്‍മ്മയില്ലെന്ന് വിതുര പെണ്‍കുട്ടി

Posted on: September 3, 2013 6:00 am | Last updated: September 2, 2013 at 10:59 pm

കോട്ടയം: തന്നെ പീഡിപ്പിച്ച പ്രതികളെ ആരെയും ഓര്‍മയില്ലെന്ന് വിതുര പീഡന കേസിലെ പെണ്‍കുട്ടി. ഇന്നലെ പെണ്‍കുട്ടി കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍, പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞില്ല. ആകെയുളള 15 കേസുകളില്‍ അഞ്ചെണ്ണം ഇന്നലെ പരിഗണിച്ചപ്പോഴാണ് പെണ്‍കുട്ടി കോട്ടയത്തെ പ്രത്യേക കോടതി മുമ്പാകെ ഹാജരായത്. കേരളത്തിനകത്തും പുറത്തുമായി പല സ്ഥലങ്ങളിലും വെച്ച് പലരും പീഡിപ്പിച്ചതായും എന്നാല്‍ പ്രതികളെ ഓര്‍മയില്ലെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
നാല് കേസുകളിലെ പ്രതികളാണ് ഇന്നലെ ഹാജരായത്. നാല് കേസുകളിലെയും മൊഴി കോടതി രേഖപ്പെടുത്തി. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടി ഹാജരാകാതിരുന്നതിനെ കോടതി വിമര്‍ശിച്ചിരുന്നു. സ്‌പെഷ്യല്‍ കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇന്നലെ കോടതിയില്‍ ഹാജരായത്. കേസില്‍ ചാര്‍ജ് ചെയ്ത 23ല്‍ ഒമ്പത് കേസുകളുടെ വാദം ആദ്യ ഘട്ടത്തി ല്‍ പൂര്‍ത്തിയായിരുന്നു. ജഗതി ശ്രീകുമാറിനെതിരെയുള്ള കേസി ല്‍ മാത്രമാണ് വിചാരണ നേരത്തെ പൂര്‍ത്തിയായത്. ജഗതി യെ വെറുതേ വിടുകയായിരുന്നു. വിചാരണ കോടതിയുടെ വിധിയില്‍ സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്.
1995 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. പി വി പീറ്റര്‍ ബാബുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് കോടതിയില്‍ എത്തിച്ചത്. പ്രോസിക്യൂഷനു വേണ്ടി സി പി ഉദയഭാനു, രാജഗോപാല്‍ പടിപ്പുരക്കല്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.