ബസുകളില്‍ യാത്രക്കാര്‍ക്ക് പുല്ലുവില; അടിയന്തര നടപടികള്‍ കാറ്റില്‍ പറക്കുമെന്ന് ആശങ്ക

Posted on: September 2, 2013 7:56 am | Last updated: September 2, 2013 at 7:56 am

താനൂര്‍: അമിത വേഗതയില്‍ അപകടക്കെണിയൊരുക്കി ചീറിപ്പായുന്ന സ്വകാര്യ ബസുകളില്‍ യാത്രക്കാരെ നിയന്ത്രിക്കുന്നത് മനുഷ്യത്വരഹിതമായി. കടലുണ്ടി-തിരൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളിലാണ് ബസ് ജീവനക്കാരുടെ ഗുണ്ടാ സ്റ്റൈല്‍ പ്രവര്‍ത്തനം യാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നത്.
എട്ടുപേരുടെ ദാരുണ അന്ത്യത്തിനിടയാക്കിയ മുക്കോല അപകടത്തിന്റെ പശ്ചാത്തലത്തില്‍ അധികാരികളുടെ ഭാഗത്ത് നിന്നും പ്രഖ്യാപനങ്ങള്‍ക്ക് കുറവില്ലെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്താന്‍ ബസ് ജീവനക്കാര്‍ക്ക് മടിയുണ്ടാകില്ലെന്നാണ് യാത്രക്കാരുടെ ആശങ്കയുയരുന്നത്. നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് പകല്‍ ഹെഡ് ലൈറ്റ് ഉപയോഗിക്കുന്നതും വിദ്യാര്‍ഥികള്‍, വയോധികര്‍ എന്നിവരോടുള്ള ജീവനക്കാരുടെ പെരുമാറ്റവും റൂട്ടില്‍ കുപ്രസിദ്ധമാണ്. ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് നേരെ ഗുണ്ടാ പശ്ചാത്തലമുള്ള ‘കിളി’കളുടെ ഭീഷണിയുമാകുമ്പോള്‍ ബസിലുള്ളവര്‍ക്ക് പിന്നെ മിണ്ടാട്ടമുണ്ടാകാറില്ല. ഓരോ ബസിലും യാത്രക്കാരെ നിയന്ത്രിക്കാന്‍ മറ്റു ബസുകളില്‍ നിന്നുള്ള ജീവനക്കാര്‍ കയറിക്കൂടുന്ന സംഭവങ്ങള്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയാല്‍ പോലും യാത്രക്കാരെ കയറ്റാന്‍ ബസില്‍ കയറിക്കൂടിയ മറ്റു ബസുകളിലെ ജീവനക്കാര്‍ തടസ്സം നില്‍ക്കാറുണ്ട്. ഇവരുടെ തമ്മിലടിയും യാത്രക്കാരെ ദുരിതത്തിലാക്കാറുണ്ട്. എന്നാല്‍ മുക്കോല അപകടം ബസ് ജീവനക്കാര്‍ക്ക് പാഠമാകുമെന്നും അവരെ നിയന്ത്രിക്കാന്‍ നടപടികളെടുക്കുമെന്നും പറയുമ്പോള്‍ അത് പ്രഹസനമാകുമെന്നാണ് ആക്ഷേപമുയരുന്നത്. റബറൈസ്ഡ് റോഡിലൂടെ സൈന്‍ ബോര്‍ഡുകളും സീബ്രാ ലൈനുകളും മറന്ന് ബസുകള്‍ പരാക്രമം തുടരുകയും അധികൃതര്‍ കണ്ണടക്കുകയും ചെയ്യുന്ന പതിവ് ആവര്‍ത്തിച്ചാല്‍ വെറുതെയിരിക്കില്ലെന്നാണ് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.