കോഴിക്കച്ചവടക്കാര്‍ സമരം തുടങ്ങി

Posted on: August 29, 2013 1:40 am | Last updated: August 29, 2013 at 1:45 am
SHARE

koyiകോഴിക്കോട്/പാലക്കാട്: കോഴിക്കര്‍ഷകരേയും കച്ചവടക്കാരേയും തകര്‍ച്ചയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. കോഴിയുടെ തറവില 70 രൂപയില്‍ നിന്നും 95 രൂപയായും കോഴിക്കുഞ്ഞുങ്ങളുടെ വില 25ല്‍ നിന്ന് 35 രൂപയായും ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.
ഇന്ന് മുതല്‍ സംസ്ഥാനത്തെ കോഴിവില്‍പ്പന പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി, ആള്‍ കേരള ചിക്കന്‍ മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മീഷന്‍ ഏജന്‍സീസ് അസോസിയേഷന്‍, കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് അസോസിയേഷന്‍, ആള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ എന്നീ സംഘടനകള്‍ തീരുമാനിച്ചതായി ആള്‍ കേരള ചിക്കന്‍ മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മീഷന്‍ ഏജന്‍സീസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വര്‍ധിപ്പിച്ച വിലയുടെ അടിസ്ഥാനത്തില്‍ ഒരു കോഴിക്ക് 28 രൂപയും കോഴിക്കുഞ്ഞിന് 12 രൂപയും നികുതി അടക്കേണ്ടി വരും. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും നിലവിലില്ലാത്ത കോഴി നികുതി സംസ്ഥാനത്ത് 14.5 ശതമാനമെന്ന ഉയര്‍ന്ന നിരക്കിലാണ് ഈടാക്കുന്നത്.
കോഴിയുടെ തറവില വര്‍ധിപ്പിച്ച വാണിജ്യ നികുതി കമ്മീഷണറുടെ സര്‍ക്കുലര്‍ റദ് ചെയ്യുക, കോഴിക്കര്‍ഷകരുടെ നികുതി ഇളവുപരിധി പത്ത് ലക്ഷം രൂപയില്‍ നിന്ന് അറുപത് ലക്ഷം രൂപയായി ഉയര്‍ത്തുക, കോഴിക്കുഞ്ഞുങ്ങളുടെ നികുതി പൂര്‍ണമായി എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. കോഴിക്കൃഷിയേയും കച്ചവടത്തേയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. എം സി പി സലാം, പി കെ കുഞ്ഞോന്‍, എന്‍ അഷ്‌റഫ്‌വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സമരം തുടങ്ങിയതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിവരവും നിലച്ചു. സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ കോഴി വണ്ടികള്‍ വരുന്ന തമിഴ്‌നാട് കേരള അതിര്‍ത്തി ചെക്ക്‌പോസ്റ്റായ പാലക്കാട്ടെ നടുപ്പുണിയിലൂടെ ബുധനാഴ്ച ഏതാനും കോഴി വാഹനങ്ങള്‍ മാത്രമാണ് കടന്നുപോയത്. രാത്രി പത്തോടെ കോഴിവരവ് പൂര്‍ണമായും നിലച്ചു. കേരളത്തില്‍ നടക്കുന്ന സമരവുമായി സഹകരിക്കാനാണ് തമിഴ്‌നാട്ടിലെ പൗള്‍ട്രി ഫാമാം ഉടമകളുടെ തീരുമാനം. അന്യസംസ്ഥാനത്തുനിന്ന് കോഴി കയറ്റി വരുന്ന വണ്ടികള്‍ അതിര്‍ത്തിയില്‍ തടയാനും തീരുമാനിച്ചിട്ടുണ്ട്. പച്ചക്കറിയടക്കമുള്ള സാധനങ്ങള്‍ക്ക് കുത്തനെ വില കയറുന്ന ഘട്ടത്തില്‍ കോഴിയുടെ വിലകൂടി അമിതമായി വര്‍ധിപ്പിച്ചത് ഓണം ആഘോഷത്തെയും വിവാഹം പോലുള്ള ചടങ്ങുകളെയും സാരമായി ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here