അന്തേവാസികളെ കുറിച്ചുള്ള പഠനത്തിന് വണ്ടൂര്‍ പോലീസിന്റെ സമഗ്ര പദ്ധതി

Posted on: August 28, 2013 12:49 am | Last updated: August 28, 2013 at 9:32 am
SHARE

വണ്ടൂര്‍: അന്യസംസ്ഥാനത്ത് നിന്ന് വന്ന് വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് സമഗ്രപദ്ധതി ആവിഷ്‌ക്കരിക്കുന്നു.
സംസ്ഥാനത്ത് ആദ്യമായി വണ്ടൂര്‍ പോലീസ് സ്റ്റേഷന്റെ അഭിമുഖ്യത്തിലാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്. ആയിരക്കണക്കിന് വരുന്നവരുടെ കൃത്യമായ രേഖകളോ, വിവരങ്ങളോ ഇല്ലാത്തതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നത്. ഈ പ്രശ്‌നം ഒഴിവാക്കാനാണ് വണ്ടൂര്‍ പോലീസിന്റെ ആഭിമുഖ്യത്തില്‍ മേഖലയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നത്. തൊഴിലാളികള്‍ക്ക് താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി അതിഥി വിവരം എന്ന കൈപുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. തങ്ങളുടെ കെട്ടിടങ്ങളില്‍ താമസിക്കുന്ന തൊഴിലാളുകളുടെ വിവരങ്ങള്‍ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തണം. അന്തേവാസിയുടെ ഫോട്ടോ, വിരലടയാളം, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് തുടങ്ങിയവയും ഈ പുസ്തകത്തില്‍ പതിക്കണം. ഇവയില്ലാതെ ഒരു തൊഴിലാളിയേയും താമസിക്കാന്‍ അനുവദിക്കുന്നതല്ല.പോലീസ് ആവശ്യപ്പെടുന്ന സമയങ്ങളില്‍ കെട്ടിട ഉടമ ഈ പുസ്തകം പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കുകയും വേണം. ഇതു വഴി തൊഴിലാളികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കുമെന്നും ലഭ്യമാകുന്ന വിവരങ്ങള്‍ സംഗ്രഹിച്ച് ഔദ്യോഗിഗ രേഖയായി പ്രസിദ്ധീകരിക്കുമെന്നും പദ്ധതി ആവിഷിക്കരിച്ച വണ്ടൂര്‍ എസ് ഐ മനോജ് പറയട്ട പറഞ്ഞു. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഈ പദ്ധതി ആരംഭിക്കാന്‍ ആസുത്രണം ചെയ്തിരുന്നത്. എന്നാല്‍ സ്ഥലംമാറ്റത്തെ തുടര്‍ന്ന് വണ്ടൂരിലേക്ക് മാറ്റുകയായിരുന്നു.
പ്രദേശത്തെ ക്ലബുകളുടെ സഹായത്തോടെയാണ് പോലീസ് കെട്ടിട ഉടമകളെ കുറിച്ചുള്ള ഫോണ്‍നമ്പര്‍ ഉള്‍പ്പടെയുള്ള വിവരം ശേഖരിച്ചത്. ഇതു സംബന്ധിച്ച് വിശദീകരിക്കാനും പുസ്തകം കൈമാറാനും ഇന്ന് വണ്ടൂര്‍ ഷറഫിയ ഓഡിറ്റോറിയത്തില്‍ പോലീസ് വിളിച്ചുചേര്‍ത്ത കെട്ടിട ഉടമകളുടെ യോഗവും ചേരും. ഇതോടെ വണ്ടൂര്‍ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള സമഗ്രവിവരം ലഭ്യമാക്കാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ