ആറളത്ത് മെഡിക്കല്‍ ക്യാമ്പിന് ജില്ലാ കലക്ടര്‍ ഔദ്യോഗിക സഹകരണം നിഷേധിച്ചെന്ന്

Posted on: August 28, 2013 12:44 am | Last updated: August 28, 2013 at 12:44 am
SHARE

കണ്ണൂര്‍: കണ്ണൂര്‍ എ കെ ജി ആശുപത്രിയും ആറളം ആദിവാസി മേഖലയില്‍ ഇനീഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പിന് ജില്ലാ കലക്ടര്‍ ഔദ്യോഗിക സഹകരണം നിഷേധിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ജില്ലാകലക്ടറുടെ നടപടിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 13 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും 20 പാരാമെഡിക്കല്‍ സ്റ്റാഫും പങ്കെടുത്ത ക്യാമ്പില്‍ 561 ആദിവാസികള്‍ പരിശോധനക്കെത്തുകയും രണ്ട് ലക്ഷം രൂപയുടെ മരുന്ന് വിതരണം ചെയ്യുകയും ചെയ്തു.
ആദിവാസികള്‍ക്ക് തികച്ചും അനുഗ്രഹമായി മാറിയ ക്യാമ്പിനെ രാഷ്ട്രീയം ആരോപിച്ച് തകര്‍ക്കാനാണ് സ്ഥലം എം എല്‍ എയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ശ്രമിച്ചത്. ക്യാമ്പ് ഒരു സ്വകാര്യ സംരംഭമാണെന്നും ഇതിന് ഒരു സഹായവും നല്‍കാന്‍ പാടില്ലെന്നും സ്ഥലം എം എല്‍ എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ടി ആര്‍ ഡി എം വാഹനം പോലും വിട്ടുനല്‍കാന്‍ പാടില്ലെന്നും ഔദ്യോഗിക സംവിധാനം ക്യാമ്പിന് സഹായമായി നല്‍കേണ്ടതില്ലെന്നും ജില്ലാ കലക്ടര്‍ തീരുമാനിച്ചത്. ഇത് വിചിത്രകരമായ നിലപാടാണ്.
ഏത് ഇടപെടലിന്റെ ഫലമായാലും ജില്ലാ ഭരണാധികാരിയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് കലക്ടറില്‍ നിന്നുണ്ടായതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ചെയര്‍മാന്‍ പി പി ചന്ദ്രന്‍, സെക്രട്ടറി കെ വി മുഹമ്മദ് അശ്രഫ്, എ കെ എസ് ജില്ലാ സെക്രട്ടറി കെ മോഹനന്‍ എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here