ചോമ്പാല ഹാര്‍ബറിലെ സംഘര്‍ഷത്തിന് പരിഹാരമായി

Posted on: August 26, 2013 11:58 am | Last updated: August 26, 2013 at 11:58 am
SHARE

വടകര: മത്തിക്കുഞ്ഞുങ്ങളെ പിടിച്ചതിനെ ചൊല്ലി ചോമ്പാല ഹാര്‍ബറിലുണ്ടായ പ്രശ്‌നത്തിന് പരിഹാരമായി. കഴിഞ്ഞ ദിവസം കടല്‍ക്കോടതിയും ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായെടുത്ത തീരുമാനം ലംഘിച്ച് ഒരുകൂട്ടം മത്സ്യത്തൊഴിലാളികള്‍ മത്തിക്കുഞ്ഞുങ്ങളെ പിടിച്ച് ഹാര്‍ബറില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
മത്തിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ മത്സ്യക്കച്ചവടക്കാരും തയാറായിരുന്നില്ല. ഇതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷം പരിഹരിക്കാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരജ്ഞന യോഗം വിളിച്ച പ്രശനം ചര്‍ച്ച ചെയ്യുകയായിരുന്നു. മത്സ്യബന്ധനത്തിന് 16 എം എം വല മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. മത്തിക്കുഞ്ഞുങ്ങളെ പിടിക്കാന്‍ പാടില്ലെന്നും യോഗത്തില്‍ തീരുമാനമായി.
മത്സ്യക്കുഞ്ഞുങ്ങളെ വില്‍പ്പനക്കെത്തിച്ചാല്‍ വാങ്ങില്ലെന്നും മര്‍ച്ചന്റ്‌സ് ഭാരവാഹികള്‍ യോഗത്തില്‍ വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ടി ജനില്‍കുമാര്‍, ചോമ്പാല എസ് ഐ വി ദിലീപ് കുമാര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രതിനിധികളായ പി വി ദാസന്‍, കുരിയാടി സതീശന്‍, വി പി ബാബു പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here