ഓണപ്പറമ്പ് പള്ളി അക്രമം: നാല് പ്രതികള്‍ കൂടി അറസ്റ്റില്‍

Posted on: August 24, 2013 2:02 am | Last updated: August 24, 2013 at 2:02 am
SHARE

തളിപ്പറമ്പ്: പരിയാരം ഓണപ്പറമ്പില്‍ സലാമത്ത് പള്ളിയും മദ്‌റസയും അക്രമിക്കുകയും സുന്നി പ്രവര്‍ത്തകരെ മര്‍ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേരെക്കൂടി പരിയാരം എസ് ഐ. എ അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. പി മൂസ (28), എം ഫാറൂഖ് (23), കെ അബ്ദുല്‍ലത്വീഫ് (21), മുസ്തഫ (25) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഓണപ്പറമ്പില്‍ വെച്ചാണ് പ്രതികളെ പോലീസ് പിടികൂടി തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 15ന് രാത്രിയോടെയാണ് ഓണപ്പറമ്പില്‍ പള്ളിക്കും മദ്‌റസക്കും നേരെ വ്യാപക അക്രമം നടന്നത്. പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓണപ്പറമ്പ് അക്രമ സംഭവത്തില്‍ പത്ത് പ്രതികള്‍ ഇതിനകം പോലീസിന്റെ പിടിയിലായിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമത്തിന് നേതൃത്വം നല്‍കിയ പ്രതികളിലൊരാളായ ലത്വീഫിനെ ഓണപ്പറമ്പിലെ വീട്ടില്‍ അലമാരയില്‍ ഒളിച്ചു കഴിയുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പ്രദേശത്തെ നിരവധി അക്രമ സംഭവങ്ങളില്‍ പ്രതിയായ ലത്വീഫിനെ പോലീസ് ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തിയിരുന്നു.