കിടങ്ങഴിയില്‍ വിതരണം ചെയ്ത ആധാര്‍ കാര്‍ഡില്‍ വ്യാപക തെറ്റുകള്‍

Posted on: August 24, 2013 1:45 am | Last updated: August 24, 2013 at 1:45 am
SHARE

മഞ്ചേരി: ആധാര്‍ കാര്‍ഡിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ പലര്‍ക്കും ലഭിച്ച കാര്‍ഡുകളില്‍ വ്യാപകമായ തെറ്റുകള്‍. ഗ്യാസ് സബ്‌സിഡിക്കായി ആധാര്‍ നിര്‍ബ്ബന്ധമാണെന്നിരിക്കെ തെറ്റായി വിവരങ്ങള്‍ രേഖപ്പെടുത്തിയ കാര്‍ഡുകള്‍ കൈവശം വെച്ച് ഉപഭോക്താക്കള്‍ ഇനിയെന്തുചെയ്യുമെന്നറിയാതെ മിഴിച്ചിരിക്കയാണ്.
മഞ്ചേരി നഗരസഭയിലെ ഒന്നാം വാര്‍ഡ് കിടങ്ങഴിയില്‍ നല്‍കിയ ആയിരത്തോളം കാര്‍ഡുകളില്‍ തെറ്റു സംഭവിച്ചിട്ടുണ്ട്. വിലാസത്തിലാണ് തെറ്റ് പറ്റിയിട്ടുള്ളത്. കിടങ്ങഴി, കരുവമ്പ്രം എന്ന് രേഖപ്പെടുത്തിയതിനു പുറമെ നഗരസഭക്ക് പുറത്തുള്ള എടവണ്ണ, ആമയൂര്‍ എന്നിങ്ങനെ അധികമായി ചേര്‍ത്തിരിക്കുന്നു.
തെറ്റുകള്‍ തിരുത്താനുള്ള നടപടിയെന്തെന്ന് ആര്‍ക്കുമറിയില്ല. പലരും അക്ഷയ കേന്ദ്രങ്ങളെ സമീപിച്ചുവെങ്കിലും അവരും കൈമലര്‍ത്തുകയാണ്. യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെ തിരുത്തലുകള്‍ നടത്താമെന്ന് പറയുന്നുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യത്തില്‍ അറിവില്ല. യു ഐ ഡി എ ഐയുടെ ആറ് റീജ്യണല്‍ ഓഫീസില്‍ ഏതെങ്കിലും ഒന്നിലേക്ക് പോസ്റ്റലായി അപേക്ഷ നല്‍കിയും തെറ്റു തിരുത്താവുന്നതാണ്.
എന്നാല്‍ ഇതിന് കാലതാമസമെടുക്കുമെന്നതിനാല്‍ പലരും ഇതിന് മുതിരുന്നില്ല.