പാചകവാതക സബ്‌സിഡിക്ക് ആധാര്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: August 23, 2013 1:52 pm | Last updated: August 24, 2013 at 12:34 pm
SHARE

gas cylinderന്യൂഡല്‍ഹി: ഗ്യാസ് കണക്ഷന്‍ സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പാചക വാതക കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും പാര്‍ലിമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ പറഞ്ഞു. എം പി അച്യുതന്‍ എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് ശുക്ല ഇക്കാര്യം വ്യക്തമാക്കിയത്.

ആധാര്‍ കാര്‍ഡിനെ എല്‍ പി ജി കണക്ഷനുമായി ബന്ധപ്പെടുത്തുന്നതിന് കമ്പനികള്‍ തിരക്കിട്ട നീക്കം നടത്തുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി. കേന്ദ്ര നിര്‍ദേശത്തിനെതിരെ കമ്പനികള്‍ പ്രവര്‍ത്തിച്ചാല്‍ അക്കാര്യം പരിശോധിച്ച് നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് നേരത്തെ മൂന്ന് മാസത്തെ സാവകാശം അനുവദിച്ചിരുന്നു. ആധാര്‍ കാര്‍ഡ് ബന്ധപ്പെടുത്താന്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഇപ്പോഴും ആധാര്‍ ലഭിച്ചിട്ടില്ലാത്തത് ആശങ്കക്ക് വകവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം കേരളത്തിനാണ് വലിയതോതില്‍ ഗുണം ചെയ്യുക.