മണല്‍പാസ് വിതരണം; എടവണ്ണയില്‍ തൊഴിലാളികളും ജീവനക്കാരും തമ്മില്‍ വാക്കേറ്റം

Posted on: August 22, 2013 7:33 am | Last updated: August 22, 2013 at 7:33 am
SHARE

നിലമ്പൂര്‍: മണല്‍പാസ് വിതരണവുമായി ബന്ധപ്പെട്ട് എടവണ്ണയില്‍ തൊഴിലാളികളും ജീവനക്കാരും തമ്മില്‍ വാക്കേറ്റം. പഞ്ചായത്ത് ഓഫീസില്‍ ബഹളം. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് 200ഓളം തൊഴിലാളികളും ലോറിക്കാരും പഞ്ചായത്തോഫീസില്‍ തടിച്ചുകൂടിയത്. ചാലിയാറില്‍ പഞ്ചായത്തിലെ 11 കടവുകളില്‍ മൂന്നെണ്ണത്തിലേക്ക് മാത്രമാണ് ബുധനാഴ്ച പാസ് അനുവദിച്ചിരുന്നത്.
തുടക്കം മുതലേ തൊഴിലാളികള്‍ തമ്മിലും ലോറിക്കാര്‍ തമ്മിലും വിവിധ പ്രശ്‌നങ്ങളെ ചൊല്ലി വാക്കേറ്റമായി. ജീവനക്കാരുമായി വാക്കേറ്റമായതോടെ പോലീസ് സ്ഥലത്തെത്തി. ഇതിനിടെ വാച്ചര്‍മാരുടെ ഒത്താശയോടെ മണല്‍പാസ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണമുയര്‍ന്നു. മഞ്ചേരി, പാണ്ടിക്കാട് തുടങ്ങിയ സ്ഥലത്തേക്ക് പാസനുവദിക്കുന്നുവെന്നും തദ്ദേശീയര്‍ക്ക് പാസ് നല്‍കുന്നില്ലെന്നും ആരോപണമുയര്‍ന്നതോടെ സംഘര്‍ഷം രൂക്ഷമായി.
കുണ്ടുതോട് തുവ്വകുത്ത് മുബാറകി(30)ന് അടിയേറ്റതായി പരാതിയുണ്ട്. ഇദ്ദേഹത്തെ എടവണ്ണ ചെമ്പക്കുത്ത് സാമൂഹികാരോഗ്യ കേ്രന്ദത്തില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തില്‍ വടശ്ശേരി, പള്ളിമുക്ക്, ചെറുമണ്ണ് കടവുകളിലേക്കാണ് ബുധനാഴ്ച രാവിലെ പാസ് നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ മറ്റ് കടവുകളിലെ തൊഴിലാളികളും ലോറിക്കാരും പാസിനായി എത്തി. ജിയോളജി വകുപ്പില്‍ നിന്നും മൂന്ന് കടവുകളിലേക്ക് മാത്രമാണ് പാസ് അനുവദിച്ചതെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചതും ബഹളത്തിനിടയാക്കി. എല്ലാ കടവുകളിലേക്കും ഒരുമിച്ച് പാസ് നല്‍കിയാല്‍ മതിയെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ തൊഴിലാളികള്‍ തമ്മില്‍ ഉന്തും തള്ളുമായി.
ജിയോളജി വകുപ്പില്‍ നിന്നും പാസ് ലഭിക്കുന്ന മുറക്ക് മറ്റു കടവുകളിലേക്ക് വിതരണം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പാസിനനുവദിച്ച കടവുകളിലേക്ക് മുറപ്രകാരം വിതരണം നടക്കുന്നതായി ജീവനക്കാരും വ്യക്തമാക്കി. ഒടുവില്‍ 11മണിയോടെയാണ് തൊഴിലാളികള്‍ പിരിഞ്ഞത്. അതേസമയം ഇതിനുശേഷം മറ്റു കടവുകളിലേക്ക് ജിയോളജി വകുപ്പില്‍ നിന്നും പാസ് ലഭിച്ചു. വിവരമറിഞ്ഞ് പാസിനായി എത്തിയവര്‍ക്ക് ഉച്ചക്ക് ശേഷവും വിതരണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here