വ്യാജരേഖ ചമച്ച് കടമുറികള്‍ കൈവശത്തിലാക്കിയ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted on: August 21, 2013 12:20 am | Last updated: August 21, 2013 at 12:20 am
SHARE

കല്‍പറ്റ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികള്‍ വ്യാജരേഖകള്‍ ചമച്ച് കൈവശത്തിലാക്കിയ കേസില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടതായി പ്രതികരണ വേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടമുറികള്‍ ഒഴിപ്പിച്ച് പുനര്‍ലേലം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവുണ്ടെന്നും ഉത്തരവിന് ലഭിച്ച സ്‌റ്റേ ഈ മാസം പത്തിന് അവസാനിച്ചെന്നും ഇതുവരെ കടമുറി ഒഴിപ്പിക്കാന്‍ നടപടിയായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. വ്യാജരേഖ ചമയ്ക്കാന്‍ കൂട്ടുനിന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും പ്രതികരണ വേദി ചെയര്‍മാന്‍ കാഞ്ഞായി അബ്ദുള്‍ മജീദും കണ്‍വീനര്‍ ഇ. ഹരീന്ദ്രനും പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ 436, 440 നമ്പറുകളിലുള്ള കടമുറികള്‍ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തി വ്യാപാരം നടത്തുകയും കീഴ് വാടകയ്ക്ക് മറിച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് പി. മുഹമ്മദിനെതിരെയുള്ള ആരോപണം. വെള്ളമുണ്ടയിലെ പൊതുപ്രവര്‍ത്തകനായ കെ.കെ.സി. അബ്ദുള്ള നല്‍കിയ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ ജഡ്ജ് വി. ജയറാമാണ് ഉത്തരവിട്ടത്. വിജിലന്‍സ് ഡിെൈവസ്പിക്കാണ് അന്വേഷണ ചുമതല.
1978ല്‍ കണ്ണൂര്‍ സ്വദേശി വി.വി.കെ. മുഹമ്മദ് ഹാജി എന്നയാള്‍ക്കാണ് കടമുറികള്‍ ലേലം ചെയ്തുനല്‍കിയിരുന്നത്. കടമുറികളിലൊന്നില്‍ പി. മുഹമ്മദിന്റെ വസ്ത്രവ്യാപാര സ്ഥാപനം പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2005ല്‍ വി.വി.കെ. മുഹമ്മദ് ഹാജി മരിച്ചെങ്കിലും ഇക്കാര്യം മറച്ചുവച്ച് മുഹമ്മദ് ഹാജിയുടെ പേരില്‍ മുദ്രപത്രം വാങ്ങി വ്യാജ രേഖ ചമച്ച് പി. മുഹമ്മദ് കടമുറികള്‍ കൈവശം വയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് മാനന്തവാടി കോടതിയിലുള്ള കേസില്‍ പി. മുഹമ്മദിനും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
പഞ്ചായത്ത് സെക്രട്ടറിയെ പ്രതിയാക്കി കാഞ്ഞായി അബ്ദുള്‍ മജീദ് നല്‍കിയ പരാതിയിലാണ് കടകള്‍ പുനര്‍ലേലം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിന് ഒരു മാസത്തെ സ്റ്റേ അനുവദിച്ചിരുന്നു. സ്റ്റേ കാലാവധി അവസാനിച്ചിട്ടും ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രതികരണ വേദി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.