14 വര്‍ഷത്തിന് ശേഷം കാര്‍ഗില്‍ മേഖലയില്‍ പാക്‌സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു

Posted on: August 16, 2013 11:00 pm | Last updated: August 16, 2013 at 11:44 pm
SHARE

ന്യൂഡല്‍ഹി: പതിനാല് വര്‍ഷത്തിനു ശേഷം ഇതാദ്യമായി കാര്‍ഗില്‍ മേഖലയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ചെറുതും വലുതുമായ ആയുധങ്ങള്‍ ഉപയോഗിച്ച് പാക്ക് സൈന്യം ദ്‌റാസിലെയും കക്‌സറിലെയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
1999ല്‍ പാക് സൈന്യം കാര്‍ഗിലില്‍ നുഴഞ്ഞുകയറിയതിനെ തുടര്‍ന്ന് ഇവിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറുണ്ടായിരുന്നു.
മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായതായും തുടക്കത്തില്‍ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെച്ച പാക് സൈന്യം പിന്നീട് ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
പാക് സൈന്യം ഉരി, ആര്‍ എസ് പുര, ജമ്മു മേഖലകളില്‍ ഈയടുത്ത കാലത്തായി നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.