Connect with us

Kerala

ജീവന്‍ രക്ഷാ മരുന്നിന് കൃത്രിമക്ഷാമം സൃഷ്ടിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ആവശ്യത്തിന് ഇന്‍സ്‌പെക്ടര്‍മാരില്ല. പരിശോധനകളില്ലാത്തതിനാല്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറച്ചതോടെ വ്യാപാരികള്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നു. സംസ്ഥാനത്ത് ഇരുപതിനായിരത്തിലധികം ലൈസന്‍സ്ഡ് മെഡിക്കല്‍ ഷോപ്പുകളാണുള്ളത്. ഇവിടങ്ങളില്‍ പരിശോധന നടത്താന്‍ ആകെയുള്ളത് 52 ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണ്.

കഴിഞ്ഞ മാസം 28 മുതലാണ് സംസ്ഥാനത്ത് 151 ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രിച്ചുകൊണ്ട് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റിയുടെ ഉത്തരവിറങ്ങിയത്. ഇതോടെയാണ് വിപണിയില്‍ മരുന്നുകള്‍ക്ക് കൃത്രിമ ക്ഷാമം ആരംഭിച്ചത്. ജീവന്‍ രക്ഷാ മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിര്‍ദേശം നല്‍കിയെങ്കിലും പുതുക്കിയ വിലക്കുള്ള മരുന്നുകള്‍ പലയിടങ്ങളിലും ഇപ്പോഴും ലഭിക്കുന്നില്ല. വ്യാപാരികള്‍തന്നെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതാണെന്നാണ് ആരോപണം.
അേതസമയം മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധനകള്‍ നടത്താന്‍ ആവശ്യത്തിന് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് കേരള സ്റ്റേറ്റ് ഡ്രഗ്‌സ് കണ്‍ട്രോള്‍ എന്‍ഫോഴ്‌സ്‌മെന്റ്ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ എന്‍ഫോഴ്‌സ്‌മെന്റിലേക്ക് കൂടുതല്‍ പേരെ നിയോഗിക്കണമെന്ന് കാണിച്ച് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം ഇതുവരെ നടപ്പായിട്ടില്ല. റീട്ടെയില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്നുകള്‍ക്ക് ക്രിത്രിമ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് മന്ത്രി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്.
മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്താനുള്ള അധികാരം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മാത്രമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരെ നിയമിക്കാതെ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനാകില്ല. രണ്ട് ഡെപ്യൂട്ടി ഡ്രഗ്‌സ് കണ്‍ട്രോളര്‍മാരും ഏഴ് അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരും ആറ് റീജ്യനല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരും സ്‌പെഷ്യല്‍ ഇന്റലിജന്‍സ് വിംഗില്‍ നിന്ന് രണ്ട് പേരും മാത്രമാണ് സംസ്ഥാനത്തുള്ളത്. ഇത്രയും പേരെ വെച്ച് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനാകില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്. വലിയ ജില്ലകളില്‍ ചുരുങ്ങിയത് അഞ്ച് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ മാരെങ്കിലും ഉണ്ടാകേണ്ടതാണ്. ഒന്നോ രണ്ടോ ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഓരോ ജില്ല ക്കുമുള്ളത്. റെഗുലര്‍ പരിശോധനകള്‍ക്ക് പുറമെ ഡ്രഗ്‌സ് കണ്‍ട്രോളര്‍മാര്‍ക്ക് കോടതി സംബന്ധമായ ജോലികളുമുണ്ട്. ദിവസം അഞ്ച് കോടതി ജോലികളെങ്കിലും ഉണ്ടാകാറുണ്ട്. കൂടുതല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിച്ചാല്‍ മാത്രമേ പ്രതിസന്ധി ഒഴിവാക്കാനാകൂ. 2009ല്‍ ചേര്‍ന്ന പബ്ലിക് അഷ്വറന്‍സ് കമ്മിറ്റിയില്‍ ഒരു 200 ഷോപ്പുകള്‍ക്കും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരെ വീതം നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ കുറവിനു പുറമെ വാഹനങ്ങളുടെ കുറവും വകുപ്പിലുണ്ട്. നാല് വാഹനങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ഉള്‍ഭാഗങ്ങളിലേക്ക് ഈ വാഹനങ്ങളിലെത്തുക പ്രയാസമാണ്. നിലവില്‍ മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി കിട്ടുന്ന സ്ഥലങ്ങളില്‍ മാത്രമേ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിശോധന നടത്താന്‍ സാധിക്കുന്നുള്ളൂവെന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറയുന്നത്.

Latest