Connect with us

Editorial

ടുണീഷ്യയിലും വിപ്ലവം തിരിഞ്ഞു നടക്കുമോ?

Published

|

Last Updated

ഈജിപ്തിലെ ബ്രദര്‍ഹുഡ് നേതൃത്വത്തിലുള്ള സര്‍ക്കാറിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് പിടിച്ചിറക്കിയതിന്റെ ശരിതെറ്റുകള്‍ വിശകലനം ചെയ്യുന്നതിനിടെയാണ് മുല്ലപ്പൂ വിപ്ലവത്തിന് നാന്ദി കുറിച്ച ടുണീഷ്യയിലും സര്‍ക്കാറിനെതിരെ ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടുകയും ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ ആശ്വാസം കൊള്ളുകയും ചെയ്ത അറബ് വസന്തത്തിനെതിരെ ആ നാടുകളില്‍ നിന്നു തന്നെ പ്രതിവിപ്ലവങ്ങള്‍ക്ക് അരങ്ങൊരുങ്ങുകയാണ്. സാമ്പത്തിക തകര്‍ച്ചയും തീവ്ര ഇസ്‌ലാമിസ്റ്റുകളുടെ തെറ്റായ നിയന്ത്രണങ്ങളും പ്രതിപക്ഷത്തെ ഉന്നതര്‍ വധിക്കപ്പെട്ടതും തുടങ്ങി വിവിധ കാരണങ്ങളാണ് ടുണീഷ്യയിലെ ജനങ്ങളെ വിപ്ലവാനന്തരമുള്ള സര്‍ക്കാറിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. സര്‍ക്കാറിന്റെ നയങ്ങളിലും നിലപാടുകളിലും ജനങ്ങള്‍ക്കുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നതാണ് അവിടെ നിന്ന് കേള്‍ക്കുന്ന പുതിയ വാര്‍ത്തകള്‍. പുതിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും എല്ലാം ഫലശൂന്യമാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ബദല്‍ സര്‍ക്കാറിനുള്ള ഒരുക്കങ്ങള്‍ ടുണീഷ്യയില്‍ സജീവമാണ്.
2011 ജനുവരിയിലാണ് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ സ്വേച്ഛാധിപത്യത്തിന് അറുതി വരുത്തി അന്നഹ്ദയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രാജ്യം നേരിടുന്ന തൊഴിലില്ലായ്മക്കും സാമ്പത്തിക രംഗത്തെ പിന്നാക്കാവസ്ഥക്കും പരിഹാരം കാണുമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പുതിയ നേതൃത്വം കസേരയുറപ്പിച്ചത്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ വാഗ്ദാനങ്ങളൊന്നും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയില്ലെന്നു മാത്രമല്ല, ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായിരുന്നു രാജ്യത്തെ രണ്ട് പ്രതിപക്ഷ നേതാക്കളുടെ കൊല. പ്രതിപക്ഷ നേതാവ് മുഹമ്മദ് ബ്രാഹ്മി രാജ്യതലസ്ഥാനത്തെ തന്റെ വീടിന് മുമ്പില്‍ വെച്ച് വെടിയേറ്റ് മരിച്ചു. ഇതിന് പിന്നില്‍ ഭരണത്തിലിരിക്കുന്നവരാണെന്ന് ജനങ്ങള്‍ സംശയിച്ചത് സ്വാഭാവികം. സര്‍ക്കാറിനെതിരെ ജനങ്ങള്‍ പരസ്യമായി രംഗത്തുവരാനും ഈ സംഭവം കാരണമായി. യുവാക്കളും പോലീസും തമ്മില്‍ നിരവധി ഏറ്റുമുട്ടലുകള്‍ക്ക് ടുണീഷ്യ സാക്ഷ്യം വഹിച്ചു. ഒരാഴ്ചക്കാലത്തേക്ക് ഗവര്‍ണറെ ഓഫീസില്‍ പോലും പ്രവേശിപ്പിക്കാതെ ഔദ്യോഗിക കാര്യലയങ്ങള്‍ക്ക് മുമ്പില്‍ യുവാക്കള്‍ പ്രതിഷേധവുമായി തമ്പടിക്കുകയും ചെയ്തു. രണ്ടാം വിപ്ലവത്തിനുള്ള അണിയറ ഒരുക്കങ്ങള്‍ അന്നേ ആരംഭിച്ചുകഴിഞ്ഞിരുന്നു.
വിപ്ലവം നടന്ന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. വിദ്യാഭ്യാസമുള്ള യുവാക്കളില്‍ 30 ശതമാനത്തിനും തൊഴിലില്ലായ്മ ഒരു പ്രശ്‌നമായിക്കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കര്‍ശനമായി നിയന്ത്രിക്കുമെന്ന് ഭരണത്തിന്റെ തുടക്കത്തില്‍ നല്‍കിയ വാഗ്ദാനം ജലരേഖയായി മാറി. അമിതമായ വിലക്കയറ്റം സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ മോശമായി ബാധിച്ചു. ജനാധിപത്യത്തിന്റെ മുല്ലപ്പൂ വിരിഞ്ഞെന്ന കെട്ടിഘോഷങ്ങളുടെ അടിവേരറുത്ത് ജനങ്ങള്‍ ബ്രദര്‍ഹുഡ് ഉള്‍ക്കൊള്ളുന്ന അന്നഹ്ദയുടെ ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങള്‍ നടത്തി അരിശം തീര്‍ക്കുകയാണ് ഇപ്പോള്‍. ഭരണത്തിന്റെ തുടക്കത്തില്‍ ഇസ്‌ലാമിസ്റ്റുകളും സെക്യുലറിസ്റ്റുകളും തമ്മിലുണ്ടായിരുന്ന വിടവ് പ്രതിപക്ഷ നേതാക്കളുടെ വധത്തോടെ കൂടുതല്‍ വര്‍ധിക്കുകയും ചെയ്തു. ഹുസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്ന് പിടിച്ചിറക്കി പകരം സ്ഥാനമലങ്കരിച്ച മുര്‍സിക്കെതിരെയുണ്ടായിരുന്ന ജനരോഷത്തേക്കാള്‍ കൂടുതല്‍ രോഷം തുനീഷ്യയിലെ ജനങ്ങള്‍ക്ക് അന്നഹ്ദയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ ഉണ്ടെന്നാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ സര്‍ക്കാറിനെതിരെ സ്വതന്ത്ര ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പ്രതിപക്ഷ നീക്കം ടുണീഷ്യന്‍ സര്‍ക്കാറിന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുന്നതായിരിക്കും. ഇപ്പോള്‍ രാജ്യം നേരിടുന്ന ഭരണപ്രതിസന്ധിക്ക് ഇതുമാത്രമാണ് പരിഹാരമാര്‍ഗമെന്ന് തിരിച്ചറിഞ്ഞാണ് ഇങ്ങനെയൊരു നീക്കം പ്രതിപക്ഷം ആരംഭിക്കുന്നത്. പ്രതിപക്ഷ കൂട്ടായ്മയായ നാഷനല്‍ സാല്‍വേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച ബദല്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഭീതിയില്‍ പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അന്നഹ്ദ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ തെറ്റായ നീക്കങ്ങളില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിത്തുടങ്ങിയ യുവാക്കളുടെ പിന്തുണ ബദല്‍ സര്‍ക്കാറിനുണ്ടാകുമെന്നു തന്നെയാണ് പ്രതിപക്ഷ നിലപാട്.
ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ ജനങ്ങള്‍ ഈജിപ്തില്‍ പടിയിറക്കിയത് പോലെ ടുണീഷ്യയിലും ആവര്‍ത്തിച്ചാല്‍ അത് മുല്ലപ്പൂ വിപ്ലവങ്ങളെയും അവരെ പിന്തുണച്ച് ജയ് വിളിച്ചവരെയും പ്രതിസന്ധിയിലാക്കും. ജനാധിപത്യത്തിന്റെ പേരില്‍ അധികാരത്തിലേറി ജനവിരുദ്ധ നയങ്ങള്‍ കൈക്കൊള്ളുന്നവര്‍ക്ക് ഇത്തരം പ്രതിവിപ്ലവങ്ങള്‍ പാഠമാണ്. അതിനെ സൈനിക അട്ടിമറിയെന്നോ പാശ്ചാത്യ കുതന്ത്രമെന്നോ കണ്ണടച്ച് ഇരുട്ടാക്കുന്നത് ജാള്യം മറക്കാനുള്ള മറ്റൊരു കുതന്ത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

Latest