സര്‍ക്കാര്‍ ഭീകരാവസ്ഥ സൃഷ്ടിക്കുന്നു: പിണറായി

Posted on: August 10, 2013 1:53 pm | Last updated: August 10, 2013 at 1:53 pm
SHARE

pinarayiതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഭീകരാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ ഉപരോധ സമരം നേരിടാന്‍ കേന്ദ്രസേനയെ ഉപയോഗിക്കുന്ന നിലപാട് ജനാധിപത്യത്തിന് ചേരാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പിണറായി.

പ്രതിപക്ഷത്തിന്റെ സമരം സമാധാനപരമായിരിക്കും. പകോപനം സൃഷ്ടിക്കാത്ത രീതിയിലുള്ള സമരമാണ് പ്രതിപക്ഷം ആസൂത്രണം ചെയ്തത്. എന്നാല്‍ ഇതിനെ നേരിടാന്‍ കേന്ദ്ര സേനയെ വിന്യസിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. സര്‍ക്കാര്‍ നടപടി പൊതുജനശ്രദ്ധ തിരിക്കാനാണ്. ഏകാധിപതികളെ പോലെയാണു സര്‍ക്കാര്‍ പെരുമാറുന്നതെന്നും പിണറായി പറഞ്ഞു.

സമര വോളന്റിയര്‍മാരെ ഭീകരരായി ചിത്രീകരിക്കുകയാണ്. സമരക്കാര്‍ക്ക് താമസവും ഭക്ഷണവും നല്‍കാതിരിക്കുന്നതിനു പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇതു നിയമവാഴ്ചയുടെ തകര്‍ച്ചയാണ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എല്ലാ സീമയും ലംഘിക്കുന്നതായും പിണറായി ആരോപിച്ചു.