Connect with us

Kerala

നിലപാട് കടുപ്പിച്ചു; ലീഗ് ഒറ്റക്ക് തിരഞ്ഞെടുപ്പിനൊരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: യു ഡി എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടാത്തതില്‍ അമര്‍ഷമുള്ള മുസ്‌ലിംലീഗ് നിലപാട് കടുപ്പിച്ചു. വേണ്ടി വന്നാല്‍ യു ഡി എഫ് വിട്ട് മുസ്‌ലിംലീഗ് ഒറ്റക്ക് മത്സരിക്കുമെന്നും യു ഡി എഫ് സംവിധാനം വേണമെങ്കില്‍ കൂടവരട്ടെയെന്നും ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബശീര്‍ പറഞ്ഞു. യു ഡി എഫ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്, ഉന്നതാധികാര സമിതി യോഗങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് ഉന്നയിച്ച ആവശ്യങ്ങളില്‍ എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് പരിശോധിക്കുന്നതിനും തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും 18ന് കോഴിക്കോട്ട് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ചേരും. ഇതിനിടയില്‍ എന്തെങ്കിലും അടിയന്തര നിലപാട് എടുക്കണമെങ്കില്‍ ഇത് കൈക്കൊള്ളുന്നതിന് സംസ്ഥാന പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തിയതായും ഇ ടി പറഞ്ഞു.

യു ഡി എഫിനുള്ളിലെ കക്ഷികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നോ, യു ഡി എഫിന്റെ ഭാഗത്ത് നിന്നോ ലീഗ് ഉന്നയിച്ച പ്രശ്‌നം പരിഹരിക്കുന്നതിന് നടപടിയുണ്ടായില്ല. പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും ഇതിനായുള്ള ഒരുക്കങ്ങള്‍ യു ഡി എഫിനുള്ളില്‍ നടക്കുന്നില്ല. “തിരഞ്ഞെടുപ്പ് വരട്ടേ അപ്പോള്‍ നോക്കാം” എന്ന നിലപാടിലാണ് യു ഡി എഫും കോണ്‍ഗ്രസുമുള്ളത്. ഇതിനാല്‍ ആരെയും കാത്ത് നില്‍ക്കാതെ ലീഗ് സ്വന്തം നിലക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങുകയാണ്. യു ഡി എഫ് സംവിധാനം കൂടെ വന്നാല്‍ സന്തോഷം. ഇല്ലെങ്കില്‍ ഒറ്റക്ക് ഒരുക്കങ്ങള്‍ നടത്താനും വേണ്ടി വന്നാല്‍ ഒറ്റക്ക് മത്സരിക്കാനും ലീഗ് സജ്ജമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തുന്നതിന് സംസ്ഥാന തലം മുതല്‍ ബൂത്ത് വരെ തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഉടന്‍ രൂപവത്കരിക്കുമെന്ന് ഇ ടി പറഞ്ഞു. സെപ്തംബര്‍ 20ന് മലബാര്‍ ജില്ലകളിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ വിപൂലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും. തുടര്‍ന്ന് മറ്റു ജില്ലകളിലുള്ളവരുടെയും കണ്‍വന്‍ഷന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് സര്‍ക്കാറില്‍ വിശ്വാസം നഷ്ടപ്പെട്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യു ഡി എഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടി പൂര്‍ണ സംതൃപ്തമാണെന്ന് ഇ ടി പറഞ്ഞു. ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള സമരത്തില്‍ നിന്ന് എല്‍ ഡി എഫ് പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ ഡി എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം ജനവിരുദ്ധമാണ്. കാലവര്‍ഷക്കെടുതികളില്‍ ജനം ദുരിതം അനുഭവിക്കുമ്പോള്‍ ഇത്തരം ജനവിരുദ്ധ സമരങ്ങളില്‍ നിന്നും എല്‍ ഡി എഫ് പിന്തിരിയണം.
ചന്ദ്രികയില്‍ കോണ്‍ഗ്രസിനെതിരെയും വീക്ഷണത്തില്‍ ലീഗിനെതിരെയും വന്ന ലേഖനം സംബന്ധിച്ച ചോദ്യത്തിന് ഇതെല്ലാം ലേഖകന്‍മാരുടെ അഭിപ്രായമാണെന്നായിരുന്നു മറുപടി. പാര്‍ട്ടി അതിന് മറുപടി പറയേണ്ടതില്ലെന്നും ഇ ടി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തു.

Latest