Connect with us

Kozhikode

കോളജുകളുടെ നിലവാര റാങ്ക് പ്രസിദ്ധീകരിക്കും

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ 191 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ നിലവാര റാങ്ക് ലിസ്റ്റ് അടുത്ത വര്‍ഷം പ്രസിദ്ധപ്പെടുത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം. കോളജ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വൈസ് ചാന്‍സലര്‍. മികവിന്റെ കാര്യത്തില്‍ വിവിധ കോളജുകള്‍ തമ്മിലുള്ള വ്യത്യാസം വളരെയേറെയാണ്. നിലവാരം ഉയര്‍ത്താനുള്ള തീവ്രശ്രമം അടുത്ത വര്‍ഷം കോളജുകള്‍ നടത്തണം. അടുത്തവര്‍ഷത്തെ പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ പട്ടിക പ്രസിദ്ധപ്പെടുത്തും.

റെയില്‍ ടെകിന്റെ സഹകരണത്തോടെ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ കണക്ടിവിറ്റി ലഭ്യമാക്കാന്‍ അവസരം ഒരുക്കും. മികച്ച ഇ ക്യാമ്പസിനും പരിസ്ഥിതി സൗഹൃദ ക്യാമ്പസിനും സര്‍വകലാശാലാ തലത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. ഗുണനിലവാരമുയര്‍ത്തുന്ന കാര്യത്തില്‍ കോളജുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകണമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. റാഗിംഗിനെതിരെ കര്‍ശന നടപടിയെടുക്കണം. വിദ്യാര്‍ഥികളുടെ ഇന്റേനല്‍ മാര്‍ക്ക് സര്‍വകലാശാലയില്‍ എത്തിക്കുന്നതില്‍ കാലവിളംബം വരുത്തരുത്. അച്ചടക്കം കര്‍ശനമാക്കണം. വിദ്യാര്‍ഥികളുടെ തൊഴില്‍ക്ഷമത മെച്ചപ്പെടുത്തുന്നതിന് പരിപാടികള്‍ ആവിഷ്‌കരിക്കണം. മികച്ച പ്രൊഫസര്‍മാരുടെ ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ വെബ്കാസ്റ്റിംഗ് വഴി വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കുമെന്ന് ഡോ.എം. അബ്ദുസ്സലാം അറിയിച്ചു. സിന്‍ഡിക്കേറ്റംഗം പ്രൊഫ.ടി പി അഹ്മദ്, ലക്ഷദ്വീപ് ഹയര്‍ എജ്യൂക്കേഷന്‍ ഡീന്‍ പ്രൊഫ. കെ കുഞ്ഞിക്കൃഷ്ണന്‍, ഉമാ മണി, പ്രസാദ് വര്‍ഗീസ്, ബാബു അപ്പാട്ട് സംബന്ധിച്ചു.