Connect with us

International

അല്‍ഖാഇദ ഭീഷണിയെന്ന്; 21 യു എസ് എംബസികള്‍ അടച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: അല്‍ഖാഇദയുടെ ആക്രമണ ഭീഷണിയുണ്ടെന്നാരോപിച്ച് അമേരിക്ക ലോകത്തെ വിവിധയിടങ്ങളിലുള്ള 21 എംബസികള്‍ താത്കാലികമായി അടച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും എംബസികളും കോണ്‍സുലേറ്റുകളുമാണ് അടച്ചിട്ടതില്‍ ഭൂരിഭാഗവും. ഈ മാസം അവസാനം വരെ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രധാന വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു എസ് പൗരന്‍മാരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യംവെച്ച് തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ അല്‍ഖാഇദ പദ്ധതിയിട്ടിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) ഉപദേശക സുസന്‍ റൈസ് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി റൈസ് ചര്‍ച്ച നടത്തിയിട്ടുണ്ട്. ചര്‍ച്ചയില്‍ എഫ് ബി ഐ, സി ഐ എ, എന്‍ എസ് എ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റുകള്‍ക്കും എംബസികള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്താന്‍ അല്‍ഖാഇദ ആസൂത്രണം നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് എന്‍ എസ് എ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളും പ്രക്ഷോഭങ്ങളും മുതലെടുത്ത് അല്‍ഖാഇദ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. ഇതിന്റെ ഭാഗമായാണ് എംബസികള്‍ക്കും യു എസ് പൗരന്‍മാര്‍ക്കും നേരെ ആക്രമണം നടത്താന്‍ അല്‍ഖാഇദ തീരുമാനിച്ചിരിക്കുന്നതെന്ന് യു എസ് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. അല്‍ഖാഇദ പദ്ധതിയെ കുറിച്ച് കഴിഞ്ഞ മാസം പ്രസിഡന്റ് ഒബാമക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ അവകാശവാദമുന്നയിച്ചു.
പ്രധാനമായും അറബ് രാജ്യങ്ങളിലെ എംബസികളാണ് അമേരിക്ക അടച്ചുപുട്ടാന്‍ തീരുമാനിച്ചത്. അല്‍ഖാഇദ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ അമേരിക്കയുടെ കൈവശമില്ലെന്നും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നാടകങ്ങളെന്നും അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യമന്‍, സഊദി അറേബ്യ, യു എ ഇ, കുവൈത്ത്, ഇറാഖ്, ഈജിപ്ത്, ലിബിയ, ലബനാന്‍, ഒമാന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിലെ വിവിധ എംബസികളും കോണ്‍സുലേറ്റുകളുമാണ് അമേരിക്ക അടച്ചത്. എന്നാല്‍, ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവെന്ന അമേരിക്കയുടെ ആരോപണം അല്‍ഖാഇദ നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. ആസൂത്രണം നടത്തിയതിന് വ്യക്തമായ രേഖയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവ വെളിപ്പെടുത്താന്‍ യു എസ് അധികൃതര്‍ തയ്യാറായിട്ടില്ല.
അതിനിടെ, അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ യമനിലെ എംബസികള്‍ അടച്ചുപൂട്ടാന്‍ ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ് എന്നി യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. സുരക്ഷാ കേന്ദ്രങ്ങളില്‍ യമന്‍ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി.