മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി എം എസ് പി സ്‌കൂളില്‍

Posted on: August 4, 2013 7:15 am | Last updated: August 4, 2013 at 7:15 am
SHARE

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി എം എസ് പി എല്‍ പി സ്‌കൂളില്‍ ഈമാസം 17ന് നടക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗകര്യപ്രദമായ സംവിധാനങ്ങളൊരുക്കുന്നതിന് ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയാണ് ജനസമ്പര്‍ക്ക പരിപാടി.
ജില്ലയില്‍ ജൂലൈ 12 മുതല്‍ 27 വരെ താലൂക്ക് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, കലക്ടറേറ്റ് എന്നിവിടങ്ങളിലായി ലഭിച്ച 10,171 അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിഹരിക്കുന്നതിനായി അയച്ച് നല്‍കിയിട്ടുണ്ട്. പരിഹരിച്ച പരാതികള്‍ സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് അഞ്ചിനകം നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈമാസം ഏഴിന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് മുഖ്യമന്ത്രി നേരിട്ട് പരിഗണിക്കേണ്ട പരാതികള്‍ തിരഞ്ഞെടുക്കുക. ഇവര്‍ക്ക് പ്രത്യേക പാസും ബാഡ്ജും നേരത്തെ നല്‍കും. 17 ന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെ മുഖ്യമന്ത്രി ഈ പരാതികള്‍ പരിശോധിക്കും.
ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ അവസരമൊരുക്കും. ഇവര്‍ക്കുള്ള പാസ് പൊലീസ് സുരക്ഷാ പരിശോധനക്ക് ശേഷം ഉച്ചക്ക് ഒന്ന് മുതല്‍ നല്‍കും. ശാരീരിക -മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഒരു സഹായിക്കും പാസ് അനുവദിക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് എച്ച് മഞ്ചുനാഥ്, എ ഡി എം. പി മുരളീധരന്‍, ആര്‍ ഡി ഒ. കെ ഗോപാലന്‍, സബ് കലക്ടര്‍ ടി മിത്ര, പൊതുമരാമത്ത്, വൈദ്യുതി, ആരോഗ്യം, ജല അതോറിറ്റി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് നടത്തേണ്ട സജ്ജീകരണങ്ങള്‍ ചര്‍ച്ച ചെയ്തു.