അനധികൃത മത്സ്യവ്യാപാരം ഒഴിപ്പിക്കാനാകാതെ പോലീസും ആരോഗ്യ വകുപ്പ് അധികൃതരും മടങ്ങി

Posted on: August 2, 2013 8:33 am | Last updated: August 2, 2013 at 8:33 am
SHARE

നിലമ്പൂര്‍: നിലമ്പൂര്‍ ചന്തക്കുന്ന് മത്സ്യ മാര്‍ക്കറ്റില്‍ അനധികൃത വ്യാപാരം തടയാനെത്തിയ പോലീസും ആരോഗ്യപ്രവര്‍ത്തകരും മത്സ്യമാര്‍ക്കറ്റില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുന്നില്‍ ഷെഡ് കെട്ടി മത്സ്യ വ്യാപാരം നടത്തുന്ന വ്യക്തിയെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പരാതികളുണ്ടായിരുന്നു.
മാര്‍ക്കറ്റിലെ തന്നെ മറ്റുവ്യാപാരികളാണ് ഇതുസംബന്ധിച്ച് പരാതികളുമായി രംഗത്ത്‌വന്നത്. കഴിഞ്ഞ ദിവസം ഇതേചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അനധികൃത വ്യാപാരം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും വ്യാപാരം തുടര്‍ന്നതോടെ മറ്റു വ്യാപാരികള്‍ പോലീസിലും ആരോഗ്യവകുപ്പിലും വിവരമറിയിച്ചു. വൈകുന്നേരം 3.30ഓടെ ഗ്രേഡ് എസ് ഐ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശി, സാനിറ്ററിംഗ് ഇന്‍സ്‌പെക്ടര്‍ എം സ്വാമിനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പധികൃതരും സ്ഥലത്തെത്തി. നഗരസഭയില്‍ നിന്നോ ആരോഗ്യവകുപ്പില്‍ നിന്നോ ആവശ്യമായ രേഖകളില്ലാതെ തുടരുന്ന മത്സ്യവ്യാപാരം നിര്‍ത്താന്‍ ആവശ്യപ്പെട്ടതോടെ സംഘര്‍ഷമായി.
വില കുറച്ച് മത്സ്യം ലഭ്യമാക്കുന്ന ഈ വ്യാപാരിയെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും അധികൃതര്‍ പന്‍വാങ്ങണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. വ്യാപാരം നിര്‍ത്തണമെന്നാവശ്യപ്പെട്ട് മത്സ്യ മാംസ വ്യാപാരികളും രംഗത്ത് വന്നതോടെ സംഘര്‍ഷമായി. ഉന്തും തള്ളും തുടര്‍ന്നതോടെ പോലീസ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടു.
നാളെ നഗരസഭ ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ഇരുവിഭാഗങ്ങളെയും വിളിച്ചുകൂട്ടി ചര്‍ച്ച നടത്താനാണ് അധികൃതരുടെ തീരുമാനം. അതുവരെ വ്യാപാരം നിര്‍ത്തണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കി. അതേ സമയം അധികൃതര്‍ പോയ ശേഷവും സ്ഥലത്ത് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി.