Connect with us

Kerala

ശഫീഖ് ജീവിതത്തിലേക്ക്; രണ്ടാം ഘട്ട ചികിത്സ തുടരുന്നു

Published

|

Last Updated

തൊടുപുഴ: പിതാവിന്റെയും രണ്ടാനുമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായി കട്ടപ്പന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അഞ്ച് വയസ്സുകാരന്‍ ശഫീഖിന്റെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ന്യൂറോ സര്‍ജന്‍ ഡോ. നിഷാന്ത് പോള്‍ പറഞ്ഞു.75 ശതമാനവും അപകടനില തരണം ചെയ്തു. പത്ത് ദിവസവും കൂടി ശ്വാസകോശത്തില്‍ അണുബാധയുണ്ടൊയില്ലെങ്കില്‍ അപകടനില പൂര്‍ണമായും തരണം ചെയ്യും. ബുധനാഴ്ച നടത്തിയ സി ടി സ്‌കാന്‍ പരിശോധനയില്‍ തലച്ചോറിലെ നീര്‍ക്കെട്ട് 90 ശതമാനം കുറഞ്ഞു. ശ്വസന സഹായത്തിനായി ഇട്ടിരുന്ന ട്യൂബ് മാറ്റി .ഇപ്പോള്‍ മൂക്കില്‍ കൂടിയാണ് ശ്വസനം നടത്തുന്നത്. കണ്ണും കാലും തനിയെ ചലിപ്പിക്കുന്നുണ്ട്. 40 മുതല്‍ 50 ശതമാനം വരെ തലച്ചോറിന് ക്ഷതമേറ്റതിനാല്‍ വലത് കൈക്ക് ശേഷിക്കുറവ്, കാഴ്ചക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവക്ക് സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
ഇതിനിടെ ശഫീഖിന്റെ സഹോദരന്‍ ശഫിനില്‍ നിന്ന് പോലീസ് സംഭവം സംബന്ധിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഷെഫിന്റെ ശരീരത്തില്‍ പീഡനം ഏറ്റതിന്റെ എട്ടോളം പാടുകളും ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. മൂവാറ്റുപുഴ രണ്ടാറ്റിന്‍കരയിലെ യത്തീംഖാനയില്‍ കഴിയുന്ന ശഫിനില്‍ നിന്നും രണ്ടാനുമ്മയുടെ മകള്‍ അസ്‌നിയ എന്നിവരില്‍ നിന്നുമാണ് കുമളി സി ഐ എം. കെ ബിനുകുമാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് സി ഐ അനാഥാലയത്തിലെത്തിയത്.
ശഫീഖ്, ശഫിന്‍ എന്നിവരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുമളി പോലീസ് അറസ്റ്റ് ചെയ്ത ഇവരുടെ പിതാവ് ചെങ്കര പുത്തന്‍പുരക്കല്‍ ഷരീഫ്, ഇയാളുടെ രണ്ടാം ഭാര്യ അനീഷ എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ശഫീഖിന്റെ ആരോഗ്യനില മെച്ചപ്പെടാനും ജീവിതത്തിലേക്കു തിരിച്ചു വരുന്നതിനുമായി കുമളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുമളി ടൗണില്‍ സര്‍വമത പ്രാര്‍ഥന നടത്തി. കുമളി പഞ്ചായത്ത് പൊതുവേദിയില്‍ നടത്തിയ പ്രാര്‍ഥനയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത രംഗത്തുളളവര്‍ പങ്കെടുത്തു.
കുമളി ഷംസുല്‍ ഇസ്‌ലാം ജമാഅത്ത് ഇമാം മുഹമ്മദ് റാഫി മൗലവി അബ്‌റാരി, കുമളി ലൂര്‍ഥ് ചര്‍ച്ച് വികാരി ഫാ.സെബാസ്റ്റ്യന്‍, മാര്‍ത്തോമ ചര്‍ച്ച് വികാരി ഫാ.കെ ജെ മാത്യു, ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പി രാമര്‍ അധ്യക്ഷത വഹിച്ചു.