തെറ്റയില്‍: കോടതി പറഞ്ഞതും പറയാത്തതും

Posted on: August 2, 2013 12:31 am | Last updated: August 2, 2013 at 12:31 am
SHARE

മുന്‍മന്ത്രി ജോസ് തെറ്റയിലിനെതിരെയുള്ള ബലാത്സംഗക്കേസ് കോടതി റദ്ദാക്കിയിരിക്കുന്നു. ലൈംഗിക ബന്ധം തന്റെ സമ്മതത്തോടെയല്ലെന്ന പരാതിക്കാരിയുടെ വാദത്തിന് തെളിവില്ലെന്നും ആരോപണം നിലനില്‍ക്കുന്നതല്ലെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി എഫ് ഐ ആര്‍ റദ്ദാക്കിയത്. മകനുമായി വിവാഹം നടത്തിത്തരാമെന്ന് വാഗ്ദാനം നല്‍കി തെറ്റയില്‍ തന്നെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും, ബലപ്രയോഗത്തിലൂടെ ബന്ധത്തിലേര്‍പ്പെടുകയും ചെയ്തുവെന്ന അങ്കമാലി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്.

ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു തെറ്റയിലുമായുള്ള യുവതിയുടെ അടുപ്പമെന്ന് സംശയിപ്പിക്കുന്നതാണ് കഥയുടെ പോക്ക്. പിന്നീട് വിലപേശാനോ, ബ്ലാക്ക്‌മെയില്‍ ചെയ്യാനോ ഉള്ള ഗൂഢോദ്ദേശ്യത്തോടെയാണ് യുവതി തെറ്റയിലുമായി അവിഹിത ബന്ധം പുലര്‍ത്തിയതെന്നാണ് സാഹചര്യത്തെളിവുകള്‍ കാണിക്കുന്നതെന്ന് കോടതി നിരീക്ഷിക്കുന്നു. തെറ്റയില്‍ യുവതിയെ തേടി ചെല്ലുകയായിരുന്നില്ല, യുവതി തന്റെ കാറില്‍ അദ്ദേഹത്തെ ഫഌറ്റിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് അവരുടെ മൊഴി സാക്ഷ്യപ്പെടുത്തുന്നുണ്ട്. വേഴ്ചയുടെ രംഗങ്ങള്‍ യുവതി രഹസ്യമായി വീഡിയോയില്‍ പകര്‍ത്തിയതും ദുരുദ്ദേശ്യത്തോടെയായിരുന്നില്ലേ?
ഉന്നത സ്ഥാനീയരും പ്രമുഖ വ്യക്തിത്വങ്ങളും ഉഭയകക്ഷി സമ്മതത്തോടെ നടത്തുന്ന അവിഹിത വേഴ്ചകള്‍ പിന്നീട് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യാനും രാഷ്ട്രീയായുധമായും ഉപയോഗപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നാണ് സമീപകാല സംഭവങ്ങള്‍ കാണിക്കുന്നത്. സോളാര്‍ സംഭവത്തിലും ഗണേഷ് കുമാറിന്റെ രാജിയിലേക്ക് നയിച്ച ലൈംഗികാപവാദ കേസിലുമൊക്കെ ഇത് വ്യക്തമാണ്. ഉന്നത സ്ഥാനീയരായ പലരെയും ലൈംഗികമായി വശീകരിച്ചു വരുതിയിലാക്കിയ ശേഷമായിരുന്നു സോളാര്‍ കേസിലെ മുഖ്യപ്രതി തട്ടിപ്പിന് കളമൊരുക്കിയത്. ഈ ബന്ധങ്ങളാണ് അവര്‍ക്ക് കോടികള്‍ കൈക്കലാക്കാന്‍ സഹായകമായതും. ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നു വന്ന ലൈംഗികാരോപണം രാഷ്ട്രീയ പകപോക്കലിനായി മറ്റൊരു നേതാവ് ഏറ്റെടുത്തതോടെയാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവന്നത്. സാക്ഷികളെയും ഇരകളെയും കൃത്രിമമായി സൃഷ്ടിച്ച് കേസ് കെട്ടിച്ചമക്കുന്ന സംഭവങ്ങള്‍ വരെ അരങ്ങേറുന്നുണ്ട,് മൂല്യച്യുതി നെല്ലിപ്പടിയിലെത്തിയ ഇന്നത്തെ സമൂഹത്തില്‍.
താന്‍ ജന്മം നല്‍കിയ മകളെയും തന്റെ കൊച്ചുമകളുടെ പ്രായമില്ലാത്ത കുരുന്നുകളെയും കാമപൂര്‍ത്തിക്കായി പീഡിപ്പിക്കുന്നവരും മകളെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുന്നവരും വര്‍ധിച്ചു വരുന്ന ചുറ്റുപാടില്‍ ലൈംഗികാപവാദ പ്രചാരണങ്ങള്‍ സമൂഹം മുന്‍പിന്‍ നോക്കാതെ ഏറ്റെടുക്കുക സ്വാഭാവികം. മാധ്യമങ്ങളാകട്ടെ റേറ്റ് കൂട്ടാനായി ഇത്തരം വാര്‍ത്തകള്‍ മസാലകള്‍ ചേര്‍ത്ത് അവതരിപ്പിക്കുകയും ചെയ്യുന്നു. നിര്‍ദോഷകരമായ ടെലിഫോണ്‍ സംഭാഷണങ്ങളെയും ഇ മെയില്‍ സന്ദേശങ്ങളെയും, മാന്യമായ പെരുമാറ്റങ്ങളെ പോലും മഞ്ഞയും നീലയും കലര്‍ന്ന കഥകളാക്കി പ്രചരിപ്പിച്ചാല്‍ വിപണിമൂല്യം ലഭിക്കുന്ന സ്ഥിതിയാണിന്ന്. ആര്‍ക്കും ആരെയും കേസില്‍ കുടുക്കുകയും തേജോവധം നടത്തുകയും ചെയ്യാമെന്നത് അപകടകരമാണ്.
ബലാത്സംഗക്കേസില്‍ നിന്ന് മുക്തനായെങ്കിലും അവിഹിത വേഴ്ച തെറ്റയിലോ കോടതിയോ നിരാകരിച്ചിട്ടില്ലെന്നത് ഈ കേസിലെ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു വശമാണ്. സദാചാര, ധാര്‍മിക രംഗത്ത് അദ്ദേഹത്തിന് പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. സമൂഹത്തിന് മാതൃകയാകേണ്ടവരാണ് പൊതുപ്രവര്‍ത്തകര്‍. അവരുടെ കൈകള്‍ ശുദ്ധവും ജീവിതം കളങ്കമേല്‍ക്കാത്തതുമായിരിക്കണം. ഒരു പെണ്ണിന്റെ മേനിയഴകില്‍ ആകൃഷ്ടരായി അരുതായ്മകളിലേക്ക് വഴുതുന്നത് അസാന്മാര്‍ഗികതയാണെന്ന് ചിന്തിക്കാനുള്ള ധാര്‍മിക വളര്‍ച്ച നേടിയില്ലെങ്കില്‍ തങ്ങളുടെ അധികാര കസേരക്ക് അത് ഇളക്കം തട്ടിച്ചേക്കുമെന്ന ബോധ്യമെങ്കിലും വേണ്ടതാണ്. മകനുമായുള്ള വിവാഹം നടത്തിത്തരാമെന്ന ഉപാധിയിലാണ് ലൈംഗിക വേഴ്ചക്ക് സമ്മതിപ്പിച്ചതെന്ന യുവതിയുടെ പരാതിയില്‍ വാസ്തവമുണ്ടെങ്കില്‍ പിതൃത്വമെന്ന പവിത്ര പദവിയെപ്പോലും അദ്ദേഹം കളങ്കപ്പെടുത്തിയിരിക്കുന്നു.