കോടതി വിധി ക്രൂര മനസ്സുകള്‍ക്ക് പാഠമാകണം

Posted on: August 1, 2013 6:12 am | Last updated: August 1, 2013 at 8:33 am

mlp-SALVAനിലമ്പൂര്‍: ‘അവളുടെ ജീവന് ഇത് പകരമാവില്ല, ഒരു കുടുംബത്തിനും ഇനി ഇത്തരമൊരു വിധി കേള്‍ക്കാന്‍ ഇടയുണ്ടാകരുത്, ക്രൂര മനസുകള്‍ക്ക് കോടതി വിധി പാഠമാകണം’ നിലമ്പൂര്‍ ചുള്ളിയോട് പൊന്നാംകല്ല് സല്‍വ വധക്കേസിലെ പ്രതി നെല്ലിക്കുത്ത് പാലമ്പറത്ത് അബ്ദുല്‍ നാസറിന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തൂക്കു കയര്‍ വിധിച്ചപ്പോള്‍ സല്‍വയുടെ കുടുംബത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.
സുപ്രധാന വിധി കേള്‍ക്കാന്‍ ഇന്നലെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സല്‍വയുടെ മാതാവ് സുഹ്‌റയും ഇവരുടെ മാതാവ് ഫാത്വിമ, സഹോദരങ്ങളായ സലീം, നസ്‌റുദ്ദീന്‍, മകന്‍ മുഹമ്മദ് ഷാന്‍, ബന്ധു സൈനബ എന്നിവരും എത്തിയിരുന്നു. പ്രതിയെ പെട്ടെന്ന് തൂക്കി കൊല്ലണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഇവര്‍ പറഞ്ഞു.
ദ്രുത വേഗതയില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ വിധി പ്രഖ്യാപിച്ച നീതി പീഠത്തിനോടും നിയപാലകരോടുമുള്ള കടപ്പാടും നാട്ടുകാരുടെയും സല്‍വയുടെയും കുടുംബത്തിന്റെയും വാക്കുകളില്‍ പ്രകടമായിരുന്നു. സമീപ കാലത്ത് ഇത്രയും വേഗത്തില്‍ വിധി പ്രഖ്യാപിക്കാനായ സമാന കേസുകളില്ല. ഡല്‍ഹി ബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീപീഡനങ്ങള്‍ക്കെതിരെയുള്ള ജനരോഷവും ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന ബില്ലും സല്‍വ വധക്കേസില്‍ പ്രതിക്ക് വധ ശിക്ഷ നല്‍കുന്നതില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.
പുതിയ ബില്ലിന് ശേഷം കേരളത്തിലെ ലൈംഗിക പീഡനത്തിന് നല്‍കുന്ന ആദ്യ വധ ശിക്ഷയെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. നിലമ്പൂര്‍ മേഖലയില്‍ ലൈംഗിക പീഡന കൊലപാതകത്തിന് നല്‍കുന്ന ആദ്യ വധശിക്ഷ പ്രഖ്യാപനവും ഇതാവും. ജില്ലയില്‍ തന്നെ അപൂര്‍ വിധിയാണ് നാസറിന് ലഭിച്ചത്. കുട്ടികളെ അശ്ലീ ചിത്രം ം കാണിച്ച് വശീകരിക്കാന്‍ ശ്രമിച്ചതിനും മയക്കു മരുന്ന് ഉപയോഗിച്ചതിനും നേരത്തെ തന്നെ ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.
ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയായ കേസ് നടത്തിപ്പില്‍ സല്‍വയുടെ കുടുംബത്തിനൊപ്പം നിന്ന നാട്ടുകാരും ബന്ധുക്കളും ഈ വിധിയല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ല. നാടിന്റെ നൊമ്പരമായ പൊന്നുമോളുടെ ഘാതകനെതിരെയുള്ള വിധി കേള്‍ക്കാന്‍ നിരവധി നാട്ടുകാര്‍ ജില്ലാ കോടതി പരിസരത്ത് എത്തിയിരുന്നു. തൂക്കു കയര്‍ ആ ക്രൂരതക്ക് പകരമാകില്ലെങ്കിലും കോടതിക്ക് മറ്റൊന്നും നല്‍കാനാകില്ലെന്ന ആശ്വാസത്തില്‍ നാട്ടുകാര്‍ രോഷം കടിച്ചൊതുക്കി. നാടിന് അപമാനം നല്‍കിയ വ്യക്തിയെ ഇനിയും നാട് കാണിക്കരുതെന്ന നാട്ടുകാരുടെ ദൃഢ നിശ്ചയമാണ് വിധിയിലൂടെ പുറത്ത് വന്നതെന്ന് വിധി കേള്‍ക്കാനെത്തിയവര്‍ പറഞ്ഞു.

മകളുടെ അന്ത്യം സുഹ്‌റയെ വിഷാദ രോഗിയാക്കി

മഞ്ചേരി: നാലു മക്കളില്‍ ഇളയവളായ സല്‍വയുടെ ദാരുണ മരണം ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട ഈ മാതാവിനെ ഏറെക്കാലം വിഷാദ രോഗിയാക്കിയിരുന്നു. അന്തര്‍മുഖിയായി കൃത്യമായി ഭക്ഷണം പോലും കഴിക്കാതെ മകളെയോര്‍ത്ത് കഴിയുന്ന സുഹ്‌റയെ കുറിച്ച് വിതുമ്പലോടെയാണ് മാതാവ് ഫാത്വിമ പറഞ്ഞത്.
കൊച്ചനിയത്തിയെ ക്രൂരമായി കൊലപ്പെടുത്തിയവന് അര്‍ഹമായ ശിക്ഷ നല്‍കാന്‍ സഹായിച്ച സര്‍ക്കാര്‍ അഭിഭാഷകന് ഒരായിരം അഭിനന്ദനങ്ങള്‍ എന്നായിരുന്നു സല്‍വയുടെ സഹോദരന്‍ പതിനാറുകാരനായ മുഹമ്മദ് ഷാന്റെ പ്രതികരണം. പൂക്കോട്ടുംപാടം ഗവ. ഹൈസ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ഷാന്‍ സ്‌കൂള്‍ യൂണിഫോമിലാണ് സുഹൃത്തിനൊപ്പം വിധി കേള്‍ക്കാനെത്തിയത്. രാവിലെ 10.45നാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. പതിവിനു വിപരീതമായി 10.55ന് തന്നെ കോടതി ആരംഭിച്ചു. സാഹചര്യത്തെളിവുകള്‍ നൂറ് ശതമാനമായിരുന്നുവെന്നും കോടതി കണ്ടെത്തി.
പ്രതിക്ക് 45 വയസുണ്ടെന്നും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവാണെന്നതും കുറ്റകൃത്യത്തിന്റെ ഭീകരത വര്‍ധിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ രഹസ്യഭാഗങ്ങളിലേറ്റ മുറിവ് ഭയാനകമായിരുന്നു.
കൂട്ടുകാരിയുടെ പിതാവ് എന്ന സല്‍വയുടെ വിശ്വാസം പ്രതി ദുരുപയോഗം ചെയ്തതായും കോടതി നിരീക്ഷിച്ചു. പ്രതിയുടെ ബീജം കുട്ടിയുടെ വസ്ത്രത്തില്‍ പുരണ്ടതും വസ്ത്രത്തിലെ ചോരക്കറയും പ്രതിയുടെ ബാത്ത് റൂമില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതും കുറ്റവാളിയിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവുകളായിരുന്നു. കുട്ടിയുടെ ദേഹത്തു നിന്നും കണ്ടെത്തിയ പ്രതിയുടെ മുടിയും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ കുട്ടിയുടെ മുടിയും ശാസ്ത്രീയ പരിശോധനയില്‍ കോടതി പ്രധാന തെളിവായി സ്വീകരിച്ചു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് തൊണ്ടി സാധനങ്ങള്‍ കണ്ടെടുത്തത്. ടെറസിനു മുകളിലേക്ക് വലിച്ചെറിഞ്ഞ കുട്ടിയുടെ പുസ്തകം, പേന, റൈറ്റിംഗ് പാഡ്, പ്ലാസ്റ്റിക് കവര്‍, ഷാള്‍, ചെരിപ്പ് എന്നിവ പ്രതി തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തത്. ഇവ സല്‍വയുടെ മാതാവ് സുഹ്‌റ തിരിച്ചറിഞ്ഞിരുന്നു. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാല്‍ സ്ലാബ് ഉയര്‍ത്താന്‍ കഴിയാത്തതിനാല്‍ മൃതദേഹം ബാത്ത് റൂമില്‍ ഉപേക്ഷിക്കുകയായിരുന്നു.
വധ ശിക്ഷക്ക് വിധിക്കപ്പെട്ട പല കേസുകളിലും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ശിക്ഷ ജീവപര്യന്തമായി ചുരുക്കിയ സംഭവങ്ങള്‍ നിരവധിയാണെന്ന് വിധി കേള്‍ക്കാനെത്തിയ നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ചില കേസുകളില്‍ പിന്നീട് പ്രതിയെ അപ്പീലില്‍ കുറ്റവിമുക്തനാക്കിയ ചരിത്രവുമുണ്ട്.
ഈ കേസില്‍ അപ്പീല്‍ നല്‍കാന്‍ പ്രതി അബ്ദുല്‍ നാസറിന് ജില്ലാ കോടതി 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ ജാമ്യത്തിലിറക്കാനോ കേസ് നടത്താനോ ബന്ധുക്കളാരും തയ്യാറായില്ല. 2013 ജനുവരി 23ന് ജില്ലാ കോടതിയില്‍ ആരംഭിച്ച വിചാരണക്ക് പ്രതിക്ക് വേണ്ടി ഹാജരായത് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനായിരുന്നു.