2,260 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം

Posted on: August 1, 2013 1:25 am | Last updated: August 1, 2013 at 1:25 am

തിരുവനന്തപുരം:പുതിയ താലൂക്കുകള്‍, ഹയര്‍ സെക്കന്‍ഡറി അധിക ബാച്ചുകള്‍, ആശ്രിത നിയമനം, ദന്തല്‍ യൂനിറ്റ്, സൈബര്‍ സെല്‍ എന്നീ വിഭാഗങ്ങളിലായി പുതിയ 2,260 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കഴിഞ്ഞ ബജറ്റ് ചര്‍ച്ചയില്‍ പ്രഖ്യാപിച്ച 12 പുതിയ താലൂക്കുകള്‍ക്കു വേണ്ടിയാണ് 758 തസ്തികകള്‍ അനുവദിക്കുന്നത്. 356 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് ആശ്രിത നിയമനത്തിന് നിലവിലുള്ള യോഗ്യമായ അപേക്ഷകള്‍ തീര്‍പ്പാക്കും. 2011-12 അധ്യയന വര്‍ഷം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അനുവദിച്ച അധിക ബാച്ചുകളിലേക്ക് 999 തസ്തികകള്‍ അനുവദിക്കാനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
താലൂക്കുകള്‍ക്ക് അനുവദിച്ച തസ്തികകളില്‍ 656 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. 102 തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെയും നികത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, താമരശ്ശേരി, ഇരിട്ടി, കൊണ്ടോട്ടി, പട്ടാമ്പി, കോന്നി, കാട്ടാക്കട, വര്‍ക്കല, ചാലക്കുടി, ഇടുക്കി, പത്തനാപുരം താലൂക്കുകളാണ് ബജറ്റ് ചര്‍ച്ചയില്‍ പുതുതായി പ്രഖ്യാപിച്ചത്. ആശ്രിത നിയമനത്തിന് കാലതാമസം നേരിടുന്ന സാഹചര്യം പരിഗണിച്ചാണ് 356 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കുന്ന ദിവസം മുതല്‍ നിയമനം ലഭിക്കുന്നതുവരെ, കുടുംബത്തിന് ജീവനക്കാരന്‍ അവസാനം വാങ്ങിയ ശമ്പളം നല്‍കാന്‍ നേരത്തെ തീരുമാനിച്ച സാഹചര്യത്തില്‍ പുതിയ നിയമനങ്ങള്‍ക്ക് സര്‍ക്കാറിന് അധികച്ചെലവ് വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2011-12 ല്‍ അനുവദിച്ച അധിക ബാച്ചുകളിലേക്ക് 205 ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികകളും 448 ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപക തസ്തികകളും 16 ലാബ് അസിസ്റ്റന്റ് തസ്തികകളും പുതുതായി സൃഷ്ടിക്കും. 330 ജൂനിയര്‍ അധ്യാപക തസ്തികകള്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തികയായി ഉയര്‍ത്തും. നിലവില്‍ ദന്തല്‍ യൂനിറ്റ് ഇല്ലാത്ത 14 താലൂക്ക് ആശുപത്രകളില്‍ ദന്തല്‍ യൂനിറ്റ് ആരംഭിക്കാനും 14 ദന്തല്‍ സര്‍ജന്‍ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പോലിസ,് ജില്ലകളില്‍ 19 സൈബര്‍ സെല്ലുകള്‍ രൂപവത്കരിക്കും. ഓരോ സെല്ലിലും 7 തസ്തികകള്‍ വീതം 133 തസ്തികകള്‍ സൃഷ്ടിക്കും. വനിതാ വികസന കോര്‍പ്പറേഷന് 45 കോടി രൂപ വായ്പ എടുക്കാന്‍ 10 വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.