കൈത്തറി വസ്ത്രം ധരിച്ച് ജീവനക്കാര്‍ മാതൃകയായി

Posted on: August 1, 2013 1:11 am | Last updated: August 1, 2013 at 1:11 am

മാനന്തവാടി: സര്‍ക്കാര്‍ ജീവനക്കാര്‍ ബുധനാഴ്ച ദിവസങ്ങളില്‍ കൈത്തറി , ഖാദി വസ്ത്രങ്ങള്‍ ധരിച്ച് ജോലിക്കെത്തണമെന്ന നിര്‍ദേശം പൂര്‍ണ്ണമായി പാലിച്ച് മാനന്തവാടി താലൂക്കാഫിസ് ജീവനക്കാര്‍ വ്യത്യസ്തതയുടെ പുതിയ ചുവട് വെയ്പ്പിലേക്ക്.
ശനിയാഴ്ചകളിലായിരുന്നു ഖാദി, കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ഉത്തരവിറങ്ങിയത്.
എന്നാല്‍ ഇതിലെ പ്രായോഗിക ബുദ്ധിമുട്ടികള്‍ കണക്കിലെടുത്ത് ബുധനാഴ്ചകളില്‍ ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് 2012 ഡിസംബര്‍ 27നാണ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. കേരളത്തില്‍ തന്നെ ഇത്തരത്തില്‍ ജീവനക്കാര്‍ ഒരേതരത്തില്‍ വസ്ത്രം ധരിച്ച് ജോലിക്ക് എത്തിയ ആദ്യത്തെ ഓഫീസ് മാനന്തവാടി താലൂക്ക് ഓഫീസായിരിക്കും. 25 വനിതകള്‍ ഉള്‍പ്പെടെ 140 ജീവനക്കാരാണ് ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് ജോലിക്കെത്തിയത്. താലൂക്ക് ഓഫീസിലെ 56 ജീവനക്കാരും, റവന്യു വകുപ്പിലെ 84 ജീവനക്കാരുമാണ് ഖാദി, കൈത്തറി വസ്ത്രങ്ങള്‍ ഖരിച്ച് ജോലിക്കെത്തിയത്.
പുരുഷന്‍മാര്‍ പീച്ച് നിറത്തിലുള്ള കൈത്തറി ഷര്‍ട്ടും വെള്ളമുണ്ടും, സ്ത്രീകള്‍ ചോക്‌ലേറ്റ് നിറത്തിലുള്ള കൈത്തറി സാരിയും ധരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് ജീവനക്കാര്‍ ഐക്യകണ്‌ഠേനെ ഇത്തരത്തിലുള്ള തീരുമാനത്തില്‍ എത്തിയത്.
സംസ്ഥാനത്ത് തന്നെ ഇതാദ്യമായിരിക്കുമെന്നും വരുന്ന ആഴ്ചകളിലും ഇത്തരത്തിലുള്ള തീരുമാനം നടപ്പിലാക്കാനാണ് ഉദ്ദേശ്യമെന്നും തഹസില്‍ദാര്‍ പി സോമനാഥന്‍ പറഞ്ഞു.