Connect with us

Gulf

ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌: ഒന്നാം സ്ഥാനം സഊദിക്ക്‌

Published

|

Last Updated

quran-award-winners

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തിലെ ആദ്യ പത്തുസ്ഥാനം നേടിയവര്‍

ദുബൈ: പതിനേഴാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്‌സരത്തില്‍ ഒന്നാം സ്ഥാനം സഊദിയിലെ ആദില്‍ ബിന്‍ മുഹമ്മദ് ബിന്‍ ഗുലാമുല്‍ ഖൈറ് കരസ്ഥമാക്കി. 80 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ തമ്മിലായിരുന്നു മാറ്റുരച്ചത്.
രണ്ട് മുതല്‍ 10 വരെ സ്ഥാനങ്ങള്‍ കൈവരിച്ചവര്‍ യഥാക്രമം: അല്‍ ഹാജ് മുഹമ്മദ് ജധ് (ചാഡ്), അബ്ദുല്‍ ബാരി റജബ് അലി ബിസീസൂ (ലിബിയ), മുഹമ്മദ് ബിലൂ ഇമാദ് (നൈജീരിയ), ഉമര്‍ മുഹമ്മദ് ആദം ഖതീ (സുഡാന്‍), ജമാലുദ്ദീന്‍ അല്‍ കീകി (ആസ്‌ത്രേലിയ), സായിദ് അലി ഉമര്‍ ബിന്‍ ഹതീഷ് അല്‍ ജാബിരി (യു എ ഇ), അഹ്മദ് അലി ത്വാഹ (ലബനാന്‍), അബ്ദുള്ള ഉര്‍ബീ (നൈജീരിയ), ബാതില്‍ വസീല്‍ (ഫ്രാന്‍സ്). ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണ മത്സരിച്ച മലപ്പുറം ഒളവട്ടൂര്‍ സ്വദേശി ഖലീല്‍ റഹ്മാന് ആദ്യ ഇരുപതില്‍ ഇടംനേടാനായില്ല.
ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടന്ന പരിപാടിയില്‍ ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിജയികള്‍ക്ക് പുരസ്‌കാര വിതരണം നടത്തി. വിവിധ മേഖലയിലെ ഉന്നതരും വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് പ്രതിനിധികളടക്കം നിറഞ്ഞ സദസ്സിലായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്.
ശൈഖ് ഇബ്‌റാഹീം അഖഌറിന്റെ മേല്‍നോട്ടത്തിലുള്ള ആറംഗ ജൂറിയാണ് വിധി നിര്‍ണയിച്ചത്. റമസാന്‍ ഏഴിന് തുടക്കം കുറിച്ച മത്‌സരം 18 വരെ നീണ്ടു. പ്രാഥമിക പരീക്ഷയില്‍ പരാജയ പെട്ട പല രാജ്യത്തിലുള്ളവര്‍ക്കും മത്സരിക്കാന്‍ അവസരം ലഭിക്കാതെ തിരിച്ചുപോയി.
സംഘാടക സമിതി, വിധി കര്‍ത്താക്കള്‍, വിവിധ സ്ഥാപന പ്രതിനിധികള്‍ എന്നിവരെ ആദരിച്ചു. ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് അഹമ്മദ് അല്‍ മുറും മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ യുവതലമുറയ്ക്ക് വേണ്ടി ഇത്തരമൊരു മത്സരം സംഘടിപ്പിക്കാന്‍ സാധിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഇബ്രാഹിം ബു മില്‍ഹ പറഞ്ഞു. പതിനേഴമാത് ഹോളി ഖുര്‍ആന്‍ ഇസ്‌ലാമിക് വ്യക്തിത്വ പുരസ്‌കാരം നേടിയ ഡോ. സാകിര്‍ നായിക്, അഹ്മദ് സായിദ് പ്രസംഗിച്ചു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, രക്ഷാധികാരി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികള്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തി.
നോമ്പ് ഒന്ന്ു മുതല്‍ ആറ് വരെ ചേംബര്‍ ഓഫ് കമേഴ്‌സിലും വിമന്‍സ് കോളേജിലും അറബി പണ്ഡിതരുടെ പ്രഭാഷണവും ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹില്‍ മലയാളികളും അല്ലാത്തവരുമായ പണ്ഡിതരുടെ പ്രഭാഷണവും നടന്നിരുന്നു.

Latest