ശ്രീശാന്ത് പന്ത്രണ്ടാം പ്രതി

Posted on: July 31, 2013 1:00 am | Last updated: July 31, 2013 at 7:59 am

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്തിനെ പന്ത്രണ്ടാം പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദാവൂദ് ഇബ്‌റാഹിം ഉള്‍പ്പെടെ കേസില്‍ 39 പ്രതികളാണുള്ളത്. അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശ്രീശാന്ത്, അങ്കിത് ചവാന്‍ എന്നിവരടക്കം 21 പേരുടെ ജാമ്യം റദ്ദാക്കണമെന്നും കുറ്റപത്രത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അജിത് ചാന്ദിലയടക്കം മറ്റുള്ളവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ദാവൂദ് ഇബ്‌റാഹീമും ഛോട്ടാ ഷക്കീലും വാതുവെപ്പില്‍ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വാതുവെപ്പിന്റെ റേറ്റ് നിശ്ചയിച്ചിരുന്നത് ദാവൂദായിരുന്നു. ആറായിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ജിജു ജനാര്‍ദനന്‍ വാതുവെപ്പുകാരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളുമാണ് ഡല്‍ഹി പോലീസ് പ്രധാന തെളിവുകളായി കുറ്റപത്രത്തില്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സ് കളിക്കാരായ രാഹുല്‍ ദ്രാവിഡ്, ഹര്‍മീത് സിംഗ് എന്നിവര്‍ പ്രോസിക്യൂഷന്‍ സാക്ഷികളാണ്. മക്കോക്ക കുറ്റം ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷനല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ജൂണ്‍ പത്തിന് ജാമ്യം അനുവദിച്ചത്. അതേസമയം മക്കോക്ക കുറ്റം ചുമത്താന്‍ മതിയായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ഡല്‍ഹി പോലീസ് അവകാശപ്പെടുന്നത്.
ഐ പി എല്‍ മത്സരത്തിനിടെയാണ് രാജസ്ഥാന്‍ റോയില്‍സിന്റെ മൂന്ന് കളിക്കാരെയും 11 വാതുവെപ്പുകാരെയും മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.