Connect with us

Malappuram

ജില്ലയില്‍ മൂന്നിടത്ത് ഡയാലിസിസ് കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും

Published

|

Last Updated

മലപ്പുറം: ജില്ലയിലെ തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. തിരൂര്‍ ജില്ലാ ആശുപത്രിയോട് അനുബന്ധിച്ചുള്ള ഡയാലിസിസ് കേന്ദ്രം അടുത്ത മാസം 31ന് ഉദ്ഘാടനം ചെയ്യും.
പൊന്നാനിയിലേത് സെപ്തംബര്‍ അഞ്ചിനും തിരൂരങ്ങാടിയില്‍ ഏഴിനും തുറക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഒരു കേന്ദ്രത്തിന് ഒന്നേകാല്‍ കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡയാലിസിസ് മെഷീനുകള്‍, രോഗികള്‍ക്ക് കിടക്കാനുള്ള കോച്ച്, എയര്‍ കണ്ടീഷണര്‍, ആര്‍ ഒ പ്ലാന്റ്, റഫ്രിജറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളാണ് ജില്ലാപഞ്ചായത്തും കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയും നല്‍കുന്നത്. യന്ത്രങ്ങള്‍, എ സി എന്നിവ കൂടാതെ ചെറിയ ഉപകരണങ്ങള്‍ക്കായി 15 ലക്ഷം രൂപ ഓരോ യൂനിറ്റിനും ആവശ്യമായി വരും. ദൈനംദിന ചെവുകള്‍ക്കായി 35 ലക്ഷം രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. മൂന്ന് യൂനിറ്റുകള്‍ക്കും ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. 60 ലക്ഷം രൂപ ഇ ടി യുടെ വികസന ഫണ്ടില്‍ നിന്ന് നേരത്തെ അനുവദിച്ചിട്ടുണ്ട്. പൊന്നാനിയില്‍ കെട്ടിട നിര്‍മാണം ഇതിനകം പൂര്‍ത്തിയായതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി ബീവി അറിയിച്ചു. വൈദ്യുതീകരണ പ്രവര്‍ത്തികളാണ് ബാക്കിയുള്ളത്.
എം പി ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് മൂന്ന് ലക്ഷം രൂപയും ഇതിനായി അനുവദിച്ചിരുന്നു. ഡയാലിസിസ് യന്ത്രങ്ങളില്‍ മൂന്നെണ്ണം എം പി ഫണ്ടില്‍ നിന്നും രണ്ടെണ്ണം വീതം എം എല്‍ എ, ജില്ലാ പഞ്ചായത്ത് ഫണ്ടുകളില്‍ നിന്ന് നല്‍കും. തിരൂരങ്ങാടിയില്‍ കെട്ടിട നിര്‍മാണം ഒരാഴ്ചകക്കം പൂര്‍ത്തിയാകും. വൈദ്യുതീകരണ ജോലികള്‍ക്ക് ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. അഞ്ച് യന്ത്രങ്ങളാണ് തിരൂരങ്ങാടിയിലേക്ക് നല്‍കുക. ഏഴെണ്ണം നേരത്തെ നല്‍കിയിട്ടുമുണ്ട്. തിരൂരില്‍ മൂന്ന് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും എം പി ഫണ്ടില്‍ നിന്ന് ലഭ്യമാക്കും. രണ്ടെണ്ണം ജില്ലാപഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റാ മമ്പാട് അറിയിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റ് സെക്രട്ടറി ഉമ്മര്‍ അറക്കല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി സുധാകരന്‍, പി കെ ജല്‍സീമിയ, സക്കീന പുല്‍പ്പാടന്‍, ടി വനജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ അബ്ദുലത്വീഫ്, തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വി വി ജമീല, ഡെ. ഡി എം ഒ ഡോ. കെ എം നൂനമര്‍ജ, ഡോ. എം എസ് ജയകൃഷ്ണന്‍, ഡോ. മോഹന്‍ മാമുണ്ണി, ഡോ. പി കെ ആശ, കെ പി സ്വാദിഖലി പങ്കെടുത്തു.