യുവാവിന്റെ മയ്യിത്ത് വിട്ടുകിട്ടാന്‍ കണ്ണീര് തോരാതെ കുടുംബം

Posted on: July 30, 2013 1:18 am | Last updated: July 30, 2013 at 1:18 am
TCR GL SOUDI DEATH SAMEER MUHAMMED
സമീര്‍
മുഹമ്മദ്‌

തൃശൂര്‍:ആഴ്ചകള്‍ക്ക് മുമ്പ് സഊദിയില്‍ മരിച്ച ആലപ്പുഴ സ്വദേശിയായ യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനായി മലയാളി-സന്നദ്ധ സംഘടനകളുടെ ഇടപെടലില്‍ പ്രതീക്ഷയര്‍പ്പിച്ച് കണ്ണീരോടെ ഒരു നിര്‍ധന കുടുംബം.

റമസാന്‍ ഒന്നിന് അവധിക്ക് വരാനിരിക്കെ ഇക്കഴിഞ്ഞ അഞ്ചിന് സഊദി അല്‍ഖര്‍ജില്‍ നീന്തല്‍ കുളത്തില്‍ വീണു മരിച്ച വണ്ടാനം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്കടുത്ത് പുതുവീട്ടില്‍ മുഹമ്മദ് ഹുസൈന്റെ മകന്‍ സമീര്‍ മുഹമ്മദി(31)ന്റെ മയ്യിത്തിനായാണ് മാതാപിതാക്കളും ഭാര്യയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും കാത്തിരിക്കുന്നത്.
എംബസിയുടെ ഭാഗത്തുനിന്ന് എല്ലാ സഹകരണമുണ്ടായിട്ടും സാങ്കേതിക കാരണങ്ങളില്‍ കുരുങ്ങിയാണ് നടപടികള്‍ വൈകുന്നത്.
അല്‍ജസീറ ഫോര്‍ഡ് കമ്പനിയുടെ അല്‍ ഖര്‍ജിലെ ശാഖയില്‍ സെയില്‍സ് കോഓഡിനേറ്ററായിരുന്ന സമീര്‍ മുഹമ്മദ് ഇക്കഴിഞ്ഞ അഞ്ചിനാണ് നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചത്.
65 ദിവസം പ്രായമായ ഇരട്ടക്കുട്ടികളെ കാണണമെന്ന ആഗ്രഹത്തോടെ നാട്ടില്‍ വരാന്‍ സമീര്‍ ഒരുങ്ങുന്നതിനിടെയായിരുന്നു മരണം. ഭര്‍ത്താവിനെ പ്രതീക്ഷിച്ചിരുന്ന ഭാര്യ ഷാനിഫയെയും അഞ്ച് വയസ്സുകാരി ഷിഫയെയും സമീര്‍ മുഹമ്മദിന്റെ മരണ വിവരം അറിയിക്കാതെയായിരുന്നു ബന്ധുക്കള്‍ മൃതദേഹം നാട്ടില്‍ കൊണ്ടു വരുന്നതിനുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ മയ്യിത്ത് നാട്ടിലെത്താന്‍ കഴിയതായതോടെ കഴിഞ്ഞ ദിവസമാണ് ഭാര്യയെ അറിയിച്ചത്. സമീര്‍ മുഹമ്മദിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന് ഇന്ത്യന്‍ എംബസിയും മന്ത്രി കെ സി വേണുഗോപാലും ശ്രമം നടത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ സഊദി സര്‍ക്കാറിന്റെ സാങ്കേതികത്വങ്ങളില്‍ കുടുങ്ങി നടപടികള്‍ നീണ്ടുപോകുകയാണ്. ഗള്‍ഫിലെ മലയാളിസന്നദ്ധ സംഘടനകളുടെ ആത്മാര്‍ഥമായ ഇടപെടലുണ്ടായാല്‍ ശ്രമങ്ങള്‍ ഫലം കാണുമെന്നാണ് ബന്ധുക്കള്‍ വിശ്വസിക്കുന്നത്.