Connect with us

National

അടുത്ത തിരഞ്ഞെടുപ്പില്‍ '77 ആവര്‍ത്തിക്കും: ബി ജെ പി

Published

|

Last Updated

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് ബി ജെ പി. അടുത്ത തിരഞ്ഞെടുപ്പില്‍ 1977ലേതുപോലുള്ള സാഹചര്യം നിലനില്‍ക്കുമെന്നതിനാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സഖ്യം അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങേണ്ടിവരുമെന്നും ബി ജെ പി ദേശീയ സെക്രട്ടറി ആനന്ദ് കുമാര്‍ അവകാശപ്പെട്ടു.
അടിയന്തരാവസ്ഥക്ക് ശേഷം തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. അന്ന് ജനങ്ങള്‍ ഇന്ദിരാ ഗാന്ധിയെ താഴെയിറക്കാനും സ്വാതന്ത്ര്യം ലഭിച്ച ശേഷം അത്ഭുതകരമായ വളര്‍ച്ച കാഴ്ചവെച്ച ജനതാ പാര്‍ട്ടിക്ക് ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കാനും തയ്യാറായി. സമാനമായ രീതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വ്യക്തമായ ഭൂരിപക്ഷം നേടും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി ജെ പി മുദ്രാവാക്യം കോണ്‍ഗ്രസില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടല്‍ ബിഹാരി വാജ്പയിയുടെയും മന്‍മോഹന്‍ സിംഗിന്റെയും ഭരണ കാലഘട്ടങ്ങളെ താരതമ്യം ചെയ്യാന്‍ തങ്ങള്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണ്. ഇന്ത്യക്ക് മുന്നിലുള്ള പ്രധാന കാര്യം നല്ല ഭരണവും വികസനവുമാണ്. വാജ്പയിയുടെ കീഴിലെ ആറ് വര്‍ഷം സുവര്‍ണ കാലഘട്ടമായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെയും യു പി എയുടെയും കീഴിലുള്ള കഴിഞ്ഞ ഒമ്പത് വര്‍ഷം ഇരുണ്ട യുഗമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാജ്പയിക്ക് കീഴില്‍ രാജ്യം എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് നേടി. സാമ്പത്തിക രംഗം പുഷ്ടിപ്പെടുത്തുകയും ചെയ്തു. തെറ്റായ ഭരണരീതികളിലൂടെ മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസും രാജ്യത്തെ 1991ന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിച്ചതായും ആനന്ദ് കുമാര്‍ കുറ്റപ്പെടുത്തി.