Connect with us

Kerala

151 മരുന്നുകള്‍ക്ക് ഇന്ന് മുതല്‍ വില കുറയും

Published

|

Last Updated

തിരുവനന്തപുരം: പുതിയ ഔഷധ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജീവന്‍രക്ഷാ മരുന്നുകളുടെ വില ഇന്ന് മുതല്‍ കുറയും. ഹൃദ്രോഗം, രക്തസമ്മര്‍ദം, ആസ്ത്മ, ക്യാന്‍സര്‍, പ്രമേഹം എന്നിവക്കുള്ളവ ഉള്‍പ്പെടെ 151 മരുന്നുകളുടെ വിലയാണ് കുറയുന്നത്. 30 ശതമാനം വരെയാണ് വിലക്കുറവ്. പ്രമേഹത്തിന് സ്ഥിരമായി ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതുക്കിയ വില ഏറെ ആശ്വാസമാകും. പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ളവയുടെ വിലയാണ് കുറയുന്നത്. ദേശീയ മരുന്നു വില നിയന്ത്രണ അതോറിറ്റി വില പുതുക്കി നിശ്ചയിച്ചതാണ് വില കുറയാന്‍ സഹായിച്ചത്.
ജൂണ്‍ 14നാണ് 151 മരുന്നുകളുടെ വില കുറച്ചുകൊണ്ടുള്ള വിജ്ഞാപനം വില നിയന്ത്രണ അതോറിറ്റി പുറത്തിറക്കിയത്. വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ 45 ദിവസത്തിനകം പ്രാബല്യത്തില്‍ വരുത്തണമെന്നാണ് നിയമം. ഇന്നാണ് സമയപരിധി അവസാനിക്കുന്നത്. നാല് ഘട്ടങ്ങളായാണ് മരുന്നുകളുടെ വില കുറക്കുന്നത്. ആദ്യ വിജ്ഞാപനത്തില്‍പ്പെട്ട 151 മരുന്നുകളുടെ വിലയാണ് ഇന്ന് പുറത്തിറങ്ങുന്നത്. കൊളസ്‌ട്രോളിനുള്ള അറ്റോര്‍വാസ്റ്ററ്റിന്‍, രക്തസമ്മര്‍ദത്തിനുള്ള നിക്കാഡിയ, പ്രമേഹത്തിനുള്ള വാര്‍ഫാറിന്‍ സോഡിയം ടാബ്, പേവിഷ ബാധക്കുള്ള റാബീസ് വാക്‌സിന്‍, ടെറ്റനസ് ഡി പി ടി വാക്‌സിന്‍ എന്നിവ ഇവയിലുള്‍പ്പെടും. പുതുക്കിയ വില അനുസരിച്ചേ ഇന്ന് മുതല്‍ ഇവ വില്‍ക്കാന്‍ പാടുള്ളൂ. അല്ലാത്തവര്‍ക്കെതിരെ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ചുമത്തുന്നത്.
എന്നാല്‍ പുതുക്കിയ വില അനുസരിച്ചുള്ള മരുന്നുകള്‍ കമ്പനികള്‍ പൂര്‍ണമായും എത്തിച്ചിട്ടില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇത് വരുംദിവസങ്ങളില്‍ മരുന്ന് ക്ഷാമത്തിന് കാരണമായേക്കാം.

Latest