‘കേരളത്തില്‍ ഇടത്- വലത് പരസ്പര സഹകരണ സംഘം പ്രവര്‍ത്തിക്കുന്നു’

Posted on: July 28, 2013 7:03 am | Last updated: July 28, 2013 at 7:03 am

വടകര: കേരളത്തില്‍ ഇടത്- വലത് പരസ്പര സഹകരണ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്‍. ‘ഞങ്ങളെ ഭരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം’ എന്ന വിഷയത്തില്‍ സഫ്ദര്‍ ഹാശ്മി നാട്യസംഘം സംഘടിപ്പിച്ച ജനപക്ഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ വിദ്യാഭ്യാസം നന്നായി അഭ്യസിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ ഗുണം നമ്മള്‍ കാണിക്കുന്നില്ല. എത്രയോ കാലമായി സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സീറ്റുകളുടെ കാര്യത്തില്‍ വലിയ അന്തരമുണ്ട്.
ഇതില്‍ 2001-06 കാലത്ത് ചെറിയ മാറ്റമുണ്ടായി. വി എസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ജനകീയ പ്രശ്‌നങ്ങളോട് പ്രതികരിച്ചതിലൂടെ ഇവിടെ ഒരു പ്രസ്ഥാനമുണ്ടെന്ന തോന്നലുണ്ടായി. എന്നാലിപ്പോള്‍ ആ കാലഘട്ടവുമായി താരതമ്യം ചെയ്യാന്‍ പറ്റാത്ത പ്രതിപക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ നാട് അരാഷ്ട്രീയമാക്കിയത് രാഷ്ട്രീയക്കാരാണെന്ന് സെമിനാറില്‍ സംസാരിച്ച എം എന്‍ കാരശ്ശേരി പറഞ്ഞു. ജനജീവിതം എന്നുള്ളത് മാറി അപവാദ വ്യവസായമാണ് ഇപ്പോള്‍ നടക്കുന്നത്. ചോദിക്കാനും പറയാനും നിയമസഭക്ക് അകത്തും പുറത്തും രാഷ്ട്രീയക്കാരില്ലാത്ത അവസ്ഥയാണെന്നും കാരശ്ശേരി കൂട്ടിച്ചേര്‍ത്തു. കെ എസ് ബിമല്‍ അധ്യക്ഷത വഹിച്ചു. വി എം ദീപ, എം എം സോമശേഖരന്‍, എന്‍ വേണു പ്രസംഗിച്ചു.