ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ 20 സ്‌കൂളുകളിലേക്ക് കൂടി

Posted on: July 27, 2013 10:05 am | Last updated: July 27, 2013 at 10:05 am

കോഴിക്കോട്: ശുചിത്വം വിദ്യാര്‍ഥികളിലൂടെ വീട്ടിലേക്ക്, വീടുകളിലൂടെ സമൂഹത്തിലേക്ക് എന്ന സന്ദേശവുമായി ശുചിത്വ മിഷന്‍ ആരംഭിച്ച അക്ഷരമുറ്റം ശുചിത്വമുറ്റം പദ്ധതി ഈ വര്‍ഷം ജില്ലയിലെ 20 സ്‌കൂളുകളില്‍കൂടി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അറിയിച്ചു. ജില്ലാ ശുചിത്വമിഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനായി വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് സ്‌കൂളുകള്‍ വഴി പുതിയ പദ്ധതികള്‍ നടപ്പാക്കും.
കഴിഞ്ഞ വര്‍ഷം മൂന്ന് സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിനായി ആഗസ്റ്റ് മൂന്നിന് ജില്ലയിലെ ഹൈസ്‌കൂളുകളില്‍ നിന്ന് അഞ്ചും ഹയര്‍ സെക്കന്‍ഡറിയില്‍ നിന്ന് രണ്ടും വീതം അധ്യാപകര്‍ക്ക് ക്ലാസ് സംഘടിപ്പിക്കും. പദ്ധതി ഫലപ്രദമായ രീതിയില്‍ നിരീക്ഷിക്കാന്‍ മോണിറ്ററിംഗ് കമ്മിറ്റിയും രൂപവത്കരിക്കും.
യോഗത്തില്‍ ശുചിത്വമിഷന്‍ സംസ്ഥാന സെക്രട്ടറി ടി പി സുകുമാരന്‍, ജില്ലാതല അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ കെ കൃഷ്ണകുമാരി, കെ പി രാധാകൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.