കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം റമസാന്‍ വിപണി ആഗസ്റ്റ് ഒന്ന് മുതല്‍

Posted on: July 27, 2013 12:20 am | Last updated: July 27, 2013 at 12:20 am

തിരുവനന്തപുരം: ഉത്സവ സീസണില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണ ഓണം റമസാന്‍ വിപണികള്‍ ആഗസ്റ്റ് ഒന്നിനു തുറക്കും. 31ന് തിരുവനന്തപുരം എല്‍ എം എസ് കോമ്പൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒന്നര മാസം നീളുന്ന വിപണി സെപ്തംബര്‍ 15നാണ് സമാപിക്കുക. ജില്ലാതല സഹകരണ വിപണന മേളകള്‍, ത്രിവേണിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെഗാമാര്‍ട്ട്, സഹകരണ സ്ഥാപനങ്ങളും സംഘങ്ങളും നടത്തുന്ന നീതി സ്‌റ്റോറുകള്‍, നന്മ സ്‌റ്റോറുകള്‍, സഹകരണ സംഘങ്ങളുടെ ചില്ലറ വില്‍പ്പന യൂനിറ്റുകള്‍ എന്നിവയാണ് സബ്‌സിഡി വില്‍പ്പന യൂനിറ്റുകള്‍.
14 ജില്ലാ കേന്ദ്രങ്ങളിലും 140 മണ്ഡല ആസ്ഥാനങ്ങളിലും നടത്തുന്ന വിപണന മേളകളും മറ്റുള്ളവയുമായി 3000 സഹകരണ വിപണന മേളകളിലൂടെ 13 ഇനം നിത്യോപയോഗസാധനങ്ങളാണ് 30 ശതമാനം വരെ വിലകുറച്ചു നല്‍കുന്നത്. സഹകരണ റമസാന്‍ വിപണികളില്‍ ഇവക്കൊപ്പം റമസാന്‍ കിറ്റും ലഭ്യമാകും. ജില്ലാതല വിപണന മേളകളും നിയോജക മണ്ഡലതല വിപണന മേളകളും 45 ദിവസവും പ്രവര്‍ത്തിക്കുമ്പോള്‍ സഹകരണ റമസാന്‍ വിപണികള്‍ ആഗസ്റ്റ് ഒന്ന് മുതല്‍ 10 വരെയാണ് പ്രവര്‍ത്തിക്കുക. സെപ്തംബര്‍ ഒന്ന് മുതല്‍ 15 വരെ പ്രവര്‍ത്തിക്കുന്ന സഹകരണ ഓണം വിപണികളില്‍ 13 ഇനങ്ങള്‍ക്കു പുറമെ പായസക്കിറ്റും ലഭ്യമാകും. ഇവ സംസ്ഥാനത്തുടനീളമായി 4000 വിപണികള്‍ സജ്ജമാക്കും.
അരി ഇനങ്ങളായ ജയ, കുറുവ, മട്ട, പച്ചരി എന്നിവക്ക് കിലോഗ്രാമിന് 21 രൂപ വീതവും പഞ്ചസാരക്ക് 26 രൂപയും ചെറുപയറിന് 55 രൂപയും കടലക്കും തുവര പരിപ്പിനും 45 രൂപ വീതവുമാണ് വില. ഉഴുന്ന് 42, വന്‍ പയര്‍ 35 രൂപ, മല്ലി 60 രൂപ, മുളക് 55 രൂപ, പിരിയന്‍ മുളക് 76 രൂപ, വെളിച്ചെണ്ണ 62 രൂപയുമാണ് വില. പാക്ക് ചെയ്ത ഇനങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുമ്പോള്‍ പാക്കിംഗ് ചെലവിനത്തില്‍ 50 പൈസ അധികം നല്‍കണം. 400 രൂപക്കു ലഭ്യമാകുന്ന റമസാന്‍ കിറ്റില്‍ ബിരിയാണി അരി (കൈമ, കോല), അര കിലോഗ്രാം ഡാല്‍ഡ, ആട്ടയും മൈദയും റവയും പച്ചരിപ്പൊടിയും ഒരു കിലോ വീതവും, അര കിലോ ഈന്തപ്പഴം, തേയിലയും മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും 250 ഗ്രാം വീതവും ഉണ്ടാകും. പായസക്കിറ്റില്‍ അരിയട, പാലട, സേമിയ എന്നീ പായസങ്ങള്‍ക്കുള്ള സാധനങ്ങളാണ് ഉണ്ടാകുക.
ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്ക് പച്ചരി രണ്ടു കിലോയും മറ്റ് അരിയിനങ്ങളില്‍ ഏതെങ്കിലും ഒന്ന് ആറ് കിലോയും നല്‍കും. പഞ്ചസാര, കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക് എന്നിവ ഓരോ കിലോ വീതവും വെളിച്ചെണ്ണ ഒരു ലിറ്ററും, ചെറുപയറും ഉഴുന്നും മല്ലിയും അര കിലോഗ്രാം വീതവുമാണ് നല്‍കുന്നത്. റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് സബ്‌സിഡി വിലക്ക് നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുക. കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്ക് ആനുപാതികമായ അളവില്‍ സാധനങ്ങള്‍ കൂട്ടിക്കൊടുക്കും. ഞായറാഴ്ചകളിലും വിപണികള്‍ പ്രവര്‍ത്തിക്കും.