Connect with us

Articles

മുഖ്യമന്ത്രീ, എവിടെ താങ്കളുടെ പഴയ ആ 'ധാര്‍മികത'?

Published

|

Last Updated

സോളാര്‍ തട്ടിപ്പ് കേസില്‍ ഒടുവില്‍ ഹൈക്കോടതിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നു. പ്രതിപക്ഷം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ ശരിെവച്ചിരിക്കുകയാണ് ഹൈക്കോടതി. സംസ്ഥാനത്തെ പ്രതിപക്ഷം ഒന്നടങ്കവും കോണ്‍ഗ്രസിലെയും ഭരണമുന്നണിയിലെയും ഒരു വിഭാഗവും നീതിനിര്‍വഹണ സംവിധാനവും ഒരുപോലെ എതിരെ നിലയുറപ്പിച്ചിട്ടും രാജിവെക്കില്ലെന്ന പിടിവാശിയിലാണ് ഉമ്മന്‍ ചാണ്ടി. സോളാര്‍ തട്ടിപ്പ് കേവലം ഒരു ബിജു രാധാകൃഷ്ണനോ സരിതാ നായരോ ജോപ്പനോ ശാലു മേനോനോ മാത്രം ഉള്‍പ്പെട്ടതല്ലെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമടക്കം ബന്ധപ്പെട്ടതാണെന്നുമാണ് പ്രതിപക്ഷം തുടക്കം മുതല്‍ ആരോപിച്ചുകൊണ്ടിരുന്നത്.
എം കെ കുരുവിളയുടെ ഹരജി പരിഗണിച്ചപ്പോള്‍ പരാതിയില്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ എന്തന്വേഷണമാണ് നടത്തിയതെന്നാണ് ജസ്റ്റീസ് വി കെ മോഹനന്‍ ചോദിച്ചത്. എന്താണ് പോലീസ് മൂടിവെക്കാന്‍ ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞു. സരിതാ നായരും മറ്റും തട്ടിപ്പ് നടത്തി കൈക്കലാക്കിയ പണം കണ്ടെത്താന്‍ സര്‍ക്കാര്‍ എന്തു ചെയ്തുവെന്നും സരിതയുടെ മൊഴി രേഖപ്പെടുത്താതെ മറ്റൊരു കേസിന്റെ പേരില്‍ അവരെ മൂവാറ്റുപുഴ കോടതിയിലേക്കു കൊണ്ടുപോയത് സംശയാസ്പദമാണെന്നുമാണ് ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ ജസ്റ്റിസ് എസ് എസ് സതീഷ്ചന്ദ്രന്‍ പറഞ്ഞത്. അന്വേഷണോദ്യോഗസ്ഥനായ എ ഡി ജി പി ഹേമചന്ദ്രനെ വേണ്ടിവന്നാല്‍ വിളിച്ചുവരുത്തി വിശദീകരണം തേടേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു.
ഇവിടെ സര്‍ക്കാറിനെതിരെ കേവലമായ ഒരു പരാമര്‍ശം നടത്തുകയല്ല കോടതി ചെയ്തിരിക്കുന്നത്. മറിച്ച് മുഖ്യമന്ത്രി തന്നെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസില്‍ തെളിവുകള്‍ പലതും ഒളിപ്പിക്കുകയും നശിപ്പിക്കുകയും കേസന്വേഷണം അട്ടിമറിക്കുകയും അതുവഴി നാടിന് നാണക്കേടുണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകള്‍ ഒരേ സമയം പറഞ്ഞിട്ടുള്ളത്. “ഇതിനൊക്കെ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രീ, നിങ്ങള്‍ എന്തിനാണ് ആ കസേരയില്‍ ചടഞ്ഞുകൂടിയിരിക്കുന്നത്” എന്നാണ് അല്‍പ്പം മാന്യമായ ഭാഷയില്‍ കോടതി ചോദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി രാജി െവച്ച് ഇറങ്ങിപ്പോകണമെന്ന് പച്ചയായി പറയാന്‍ കോടതിക്ക് പരിമിതികളുണ്ടല്ലോ. അത് പക്ഷേ, പറയാവുന്ന ഭാഷയില്‍ പറയുകയാണ് കോടതി ചെയ്തിരിക്കുന്നത്.
എന്നിട്ടും ഉമ്മന്‍ ചാണ്ടി പൊട്ടന്‍കളിച്ച് മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. തന്റെ രക്ഷക്കുവേണ്ടി ഡി ജി പി(ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്)യെക്കൊണ്ട് കോടതിനിരീക്ഷണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. നേരത്തെ തന്നെയുണ്ടായിരുന്ന മറ്റൊരു പ്രൊഡക്ഷന്‍ വാറന്റില്‍ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ടായിരുന്നതുകൊണ്ടാണ് മൊഴി രേഖപ്പെടുത്താതെ സരിതയെ അങ്ങോട്ടുകൊണ്ടു പോയതെന്നാണ് ഡി ജി പി പറഞ്ഞത്. എന്നാല്‍ ജൂലൈ ഒന്നു മുതല്‍ മൂന്ന് തവണ തിരുവനന്തപുരം സി ജെ എം കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും സരിതയെ ഹാജരാക്കാതിരുന്ന അന്വേഷണ സംഘമാണ് ഇപ്പോള്‍ തിരക്കിട്ട് അവരെ മൂവാറ്റുപുഴ കോടതിയിലേക്ക് കൊണ്ടുപോയതെന്നോര്‍ക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാകുന്നത്?
1. രാജ്യത്ത് ഇതാദ്യമായാണ് ഒരു തട്ടിപ്പ് കേസന്വേഷണത്തില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ഇത്ര രൂക്ഷമായ ഭാഷയില്‍ രണ്ട് കോടതികള്‍ ഒരേസമയം നിരീക്ഷണങ്ങള്‍ നടത്തുന്നത്.
2. അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന കള്ളക്കളികളിലേക്കാണ് കോടതി വിരല്‍ ചൂണ്ടിയിരിക്കുന്നത്.
3. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് എന്തേ അന്വേഷിക്കുന്നില്ല എന്നു ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന സംശയം കോടതിയും പങ്ക് വെക്കുകയാണ്.
4. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനാളുകള്‍ കബളിപ്പിക്കപ്പെട്ട കേസിലാണ് മുഖ്യമന്ത്രിയുടെ പങ്ക് സംശയിക്കപ്പെടുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് സത്യം ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി തന്നെ അതിന് ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിരിക്കുകയാണ്. അതായത് ഭരണഘടനാലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നര്‍ഥം.
5. കോടതിയുടെ നിരീക്ഷണങ്ങളെയും നിഗമനങ്ങളെയും വിധികളെയും അംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് ജനാധിപത്യ കീഴ്‌വഴക്കം. ജനാധിപത്യസംവിധാനത്തിന് ഊനം തട്ടാതെ നിലനില്‍ക്കാന്‍ ഇത്തരമൊരു കീഴ്‌വഴക്കം അനിവാര്യമാണുതാനും.
6. ഈ കീഴ്‌വഴക്കം അനുസരിച്ചാണ് കോണ്‍ഗ്രസിന്റെ തന്നെ പല മുന്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും രാജി വെച്ചിട്ടുള്ളത്. കെ കരുണാകരനും എ കെ ആന്റണിയും കെ ക രാമചന്ദ്രനും കെ പി വിശ്വനാഥനുമൊക്കെ ഈ നിലയില്‍ അധികരം വിട്ടൊഴിഞ്ഞിട്ടുള്ളവരാണ്.
7. രാഷ്ട്രീയ ധാര്‍മികതയും രാഷ്ട്രീയസദാചാരവും സംരക്ഷിക്കാനും മുഖ്യമന്ത്രിയുടെ രാജിയാണ് ഇത്തരുണത്തില്‍ അഭികാമ്യമെന്ന് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു.
പണ്ടൊരിക്കല്‍ ഈ രാഷ്ട്രീയ ധാര്‍മികതയും നിയമപരമായ ബാധ്യതയുമൊക്കെ വാചാലമായി പ്രസംഗിച്ചു നടക്കുകയും അതിനുവേണ്ടി പോരാട്ടം നടത്തുകയും ചെയ്തയാളാണ് ഉമ്മന്‍ ചാണ്ടി. രണ്ട് പതിറ്റാണ്ട് മുമ്പാണ് രാഷ്ട്രീയ ധാര്‍മികതയുടേയും കോടതി പരാമര്‍ശത്തിന്റെയും പേരില്‍ അന്നത്തെ മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ ചാണ്ടി പട നയിച്ചത്.
1995 മാര്‍ച്ച് 16നാണ് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ ചാരക്കേസുമായി ബന്ധപ്പെട്ട ഒരു കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വെക്കേണ്ടി വന്നത്. കരുണാകരന്റെ രാജിക്കു വേണ്ടി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് എത്ര മാസമാണ് നാടുനീളെ കലാപമുണ്ടാക്കി നടന്നത്? സ്വന്തം പാര്‍ട്ടിക്കാരനായ കരുണാകരനെ ചാരനും കള്ളനുമാക്കി നാടുനീളെ പ്രസംഗിച്ചു നടന്നു. റാലികളും പ്രതിഷേധ യോഗങ്ങളും നടത്തി. ഹൈക്കമാന്‍ഡില്‍ ചരടുവലികള്‍ നടത്തി. ഒടുവില്‍ ലീഗും മാണി ഗ്രൂപ്പും അടക്കമുള്ള ഘടകകക്ഷികളെക്കൂടി പാട്ടിലാക്കി അവരെക്കൊണ്ടും രാജി ഭീഷണി മുഴക്കിച്ചു. അങ്ങനെയാണ് നില്‍ക്കള്ളിയില്ലാതെ മാര്‍ച്ച് 16ന് രാത്രി തിരുവനന്തപുരം ഗാന്ധി പാര്‍ക്ക് മൈതാനിയിലെ പൊതു സമ്മേളനത്തില്‍ വെച്ച് കരുണാകരന്‍ രാജി പ്രഖ്യാപനം നടത്തിയത്.
കരുണാകരന്റെ രാജി ആവശ്യപ്പെട്ട് അന്ന് എ ഗ്രൂപ്പുകാര്‍ ജില്ലതോറും റാലികള്‍ നടത്തിയ കാര്യം ഉമ്മന്‍ ചാണ്ടി ഓര്‍ക്കുന്നില്ലേ? ഇതാ ഒരു സാമ്പിള്‍. 1995 ജനുവരി ഏഴിന് ആലപ്പുഴയില്‍ നടത്തിയ കരുണാകരവിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസംഗം ഇപ്പോഴും പത്രത്താളുകളില്‍ മായാതെ കിടപ്പുണ്ട്. പിറ്റേ ദിവസത്തെ മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു നോക്കുക. “”ചാരക്കേസിന്റെ പാപഭാരത്തില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി കരുണാകരന്‍ രാജി വെച്ചേ മതിയാകൂ എന്ന് ഉമ്മന്‍ചാണ്ടി. ചാരക്കേസിന്റെ വിഴുപ്പ് പേറാന്‍ കോണ്‍ഗ്രസിലെ മറ്റാരെയും കിട്ടില്ല. കാരണം ഇത് മുഖ്യമന്ത്രിയുടെ മാത്രം പാപഭാരമാണ്. കരുണാകരന്‍ സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് ഓരോരോ നടപടി കൈക്കൊള്ളുകയായിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയും സംശയവും ഉളവാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തവേ, ജനങ്ങളും പത്രങ്ങളും തനിക്കു നേരെ ഉയര്‍ത്തുന്ന സംശയത്തിന്റെ വിരല്‍മുനയെ ചൊല്ലി കരുണാകരന്‍ വിലപിച്ചു. ഈ സത്യം തന്നെയാണ് വിളിച്ചുപറയുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.””
“”മുഖ്യമന്ത്രി പറഞ്ഞാല്‍ സംസ്ഥാനത്തെ ഒരു കൊച്ചുകുഞ്ഞ് പോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഇന്നത്തെ നിലയില്‍ ശ്രീവാസ്തവക്കെതിരെ നടപടിയെടുത്താലും ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുതെ വിടില്ല. പത്രങ്ങളും മറ്റും ഉയര്‍ത്തിവിട്ട ജനവികാരത്തിന്റെ മുള്‍മുനയില്‍ നിന്ന് നടപടി എടുക്കേണ്ടിവന്നു എന്നു മാത്രമാകും പൊതുധാരണ. ആ നിലക്ക് മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് കരുണാകരന്‍ മാറുക മാത്രമാണ് കോണ്‍ഗ്രസിന്റെ രക്ഷക്ക് നല്ലതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.””
ഇപ്പോള്‍ രാജി വെക്കേണ്ടതില്ലെന്നു പറഞ്ഞ് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി വാദിക്കാന്‍ പാടുപെടുന്ന കെ ബാബുവും ബെന്നി ബഹനാനും എം എം ഹസനും കെ സി ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷും എം ഐ ഷാനവാസും ഡൊമനിക് പ്രസന്റേഷനുമൊക്കെ ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രസംഗത്തിന് സാക്ഷികളും സഹായികളുമായി അന്നത്തെ സമ്മേളനത്തില്‍ ഉണ്ടായിരുന്നു. കരുണാകരന്റെ രാജിയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് ഇവരും അന്ന് പ്രസംഗിച്ചിരുന്നു. വര്‍ഷം കുറെ കഴിഞ്ഞതുകൊണ്ട് കെ ബാബുവും ഹസനും കെ സി ജോസഫുമൊക്കെ ഇതൊക്കെ മറന്നോ; എന്തോ! അന്ന് കരുണാകരന്‍ രാജി വെച്ചിട്ടും ഉമ്മന്‍ ചാണ്ടിയുടെ “ധാര്‍മികബോധ”ത്തിന് ശമനമുണ്ടായില്ല. കരുണാകരന്‍ രാജി വെച്ച മാര്‍ച്ച് 16ന് രാത്രി 10 മണിക്കു ശേഷം തിടുക്കപ്പെട്ട് കരുണാകരവിരുദ്ധരുടെ യോഗം വിളിച്ചുചേര്‍ക്കുകയും തുടര്‍ന്ന് പത്രസമ്മേളനത്തില്‍ “കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനത്തിനൊപ്പം നിയമസഭാകക്ഷി നേതൃസ്ഥാനവും മാറണ”മെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറ്റാന്‍ കലാപം നടത്തിക്കൊണ്ടിരുന്ന ഘട്ടത്തില്‍ 1995 ഫെബ്രുവരി നാലിന് മനോരമയില്‍ പ്രസിദ്ധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ അഭിമുഖവും ഇത്തരുണത്തില്‍ കൗതുകമുണര്‍ത്തുന്നതാണ്. അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടി ഇങ്ങനെ പറയുന്നു: “”ജനങ്ങള്‍ അകലാന്‍ കാരണമായത് അദ്ദേഹത്തിന്റെ(കരുണാകരന്റെ) പ്രവര്‍ത്തനശൈലി മാത്രമാണ്. ഒരു പൊതുപ്രവര്‍ത്തകനെ നശിപ്പിക്കാന്‍ ഒരു പൊതുപ്രവര്‍ത്തകനു മാത്രമേ സാധിക്കൂ. സ്വന്തം നടപടി തെറ്റാണെങ്കില്‍ അതിന്റെ ഫലമായി നശിക്കും. എന്നെ നശിപ്പിക്കാന്‍ കഴിയുന്ന ഒന്നാമത്തെയാള്‍ ഞാനാണ്. പിന്നെ ബന്ധുക്കള്‍, പിന്നെ അടുത്ത സുഹൃത്തുക്കള്‍.”
സത്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഈ വാക്കുകള്‍ മുഴുവന്‍ ഇപ്പോള്‍ അദ്ദേഹത്തെ തന്നെ നോക്കി പല്ലിളിക്കുകയാണ്. ഒരു പ്രേതബാധ പോലെ സ്വന്തം വാക്കുകള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിക്കൊണ്ടിരിക്കും. ഏറെ നാള്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിയില്ല .