വില്ലകളിലെ അനധികൃത താമസം ഒഴിയാന്‍ ആയിരങ്ങള്‍ക്ക് നോട്ടീസ്‌

Posted on: July 24, 2013 9:23 pm | Last updated: July 24, 2013 at 9:23 pm

അബുദാബി: നഗരസഭാ അധികൃതര്‍ വില്ലകള്‍ കേന്ദ്രീകരിച്ച് ഏതാനും മാസങ്ങളായി നടത്തിവരുന്ന പരിശോധനയില്‍ ആയിരക്കണക്കിനു നിയമലംഘനങ്ങള്‍ കണ്ടെത്തി.
നിയമാനുസൃതമല്ലാത്തതും സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാനിടയുള്ളതുമായ പാര്‍ട്ടീഷന്‍, അനുവദിച്ച പരിധിക്കപ്പുറം ആളുകളെ താമസിപ്പിക്കല്‍ തുടങ്ങി നിയമലംഘനങ്ങളാണ് ഏറെയും. നഗരഭംഗിക്ക് നിരക്കാത്ത രീതിയിലാണ് പലരും വില്ലകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരിക്കുന്നതെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ നഗരസഭാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിയമം ലംഘിച്ച് വില്ലകളില്‍ താമസിക്കുന്ന 2,800 ആളുകള്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കിയതായും അധികൃതര്‍ പറഞ്ഞു. നിയമാനുസൃതമായ മറ്റൊരു സ്ഥലം കണ്ടെത്താന്‍ സാവകാശം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അടുത്ത കുടുംബങ്ങളല്ലാത്ത ആറിധികം ആളുകള്‍ ഒരു വില്ലയില്‍ താമസിക്കാന്‍ പാടില്ലെന്നാണ് അബുദാബി നഗരസഭ കഴിഞ്ഞ വര്‍ഷം കൈക്കൊണ്ട നിയമം. ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ ഈ നിയമത്തില്‍ ഇളവുണ്ടായിരിക്കും.
ഇത്തരത്തിലുള്ള വില്ലകള്‍ ഒഴിയാന്‍ മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള അറിയിപ്പ് നല്‍കിക്കഴിഞ്ഞു. അനുവദിച്ച കാലാവധിക്കു ശേഷവും ഈ സാഹചര്യത്തില്‍ തുടര്‍ന്നാല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.
ഒന്നിലധികം കുടുംബങ്ങള്‍ ഒരു വില്ലയില്‍ താമസിക്കുന്നത് കാരണം പലതരത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നതായി നഗരസഭയില്‍ ചില കുടുംബങ്ങള്‍ പരാതിപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരേ വില്ലയില്‍ തന്നെ കുടുംബങ്ങളും ബാച്ചിലേഴ്‌സും താമസിക്കുന്നത് കണ്ടെത്തിയതായും നഗരസഭാ അധികൃതര്‍ അറിയിച്ചു.