Connect with us

Kozhikode

കരിങ്കല്‍ ക്വാറിയില്‍ കണ്ടെത്തിയ അസ്ഥികൂടം ബംഗാളി തൊഴിലാളിയുടേതെന്ന് സംശയം

Published

|

Last Updated

താമരശ്ശേരി: കോടഞ്ചേരി ഈരൂട് പത്തേക്രയിലെ കരിങ്കല്‍ ക്വാറിയില്‍ കണ്ടെത്തിയ അസ്ഥികൂടം ബംഗാളി തൊഴിലാളിയുടേതെന്ന് സംശയം. ഒരു മാസത്തോളം പഴക്കമുള്ള അസ്ഥികൂടമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തൊട്ടടുത്തുള്ള കൈതച്ചക്ക തോട്ടത്തിലെ ജോലിക്കാരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
പാന്റ്‌സില്‍ ബെല്‍റ്റിന് പകരം പ്ലാസ്റ്റിക് കയര്‍ ബന്ധിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘം അസ്ഥികൂടം വിദഗ്ധ പരിശോധനക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. 50നും 60നും ഇടയില്‍ പ്രായമുള്ളയാളുടെതാണ് അസ്ഥികൂടമെന്ന് സംശയിക്കുന്നതായി കോടഞ്ചേരി എസ് ഐ. ഡി രാജന്‍ പറഞ്ഞു.
50 മീറ്ററോളം ആഴത്തിലുള്ള കരിങ്കല്‍ ക്വാറിക്ക് സമീപം മാനസിക രോഗിയായ അന്യസംസ്ഥാന തൊഴിലാളി നടക്കാറുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. സമീപത്തുള്ള കൈതച്ചക്ക തോട്ടങ്ങളില്‍ നിരവധി അന്യസംസ്ഥാനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ ഇടക്കിടെ ദൂരസ്ഥലങ്ങളിലേക്ക് പോകുന്നതിനാല്‍ ആരെയെങ്കിലും കാണാതായതായും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

 

Latest