Connect with us

Kozhikode

എല്‍ ഡി എഫ് രാപ്പകല്‍ സമരം ജില്ലയില്‍ ഇന്ന് ആരംഭിക്കും

Published

|

Last Updated

കോഴിക്കോട്: സോളാര്‍ വിഷയത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് നേതൃത്വത്തില്‍ രാപ്പകല്‍ സമരം ജില്ലയില്‍ ഇന്ന് ആരംഭിക്കും. മുതലക്കുളത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് സമരം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ 1000 പ്രവര്‍ത്തകരും വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ 1000 പേരുമാണ് സമരത്തില്‍ പങ്കെടുക്കുക.
ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും 2000 പേര്‍ ഒരു ദിവസത്തെ സമരത്തില്‍ പങ്കെടുക്കുമെന്ന് എല്‍ ഡി എഫ് ജില്ലാ നേതൃത്വം അറിയിച്ചു. കോഴിക്കോട് നോര്‍ത്ത് ബ്ലോക്കിന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് സമരം നടക്കുക. നാളെ സൗത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കുചേരും. 25000-ത്തില്‍ അധികം വളണ്ടിയര്‍മാര്‍ വിവിധ ദിവസങ്ങളിലായി സമരത്തിനെത്തുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.
5000-ത്തില്‍ അധികം പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന പന്തലാണ് മുതലക്കുളത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ പ്രവര്‍ത്തകര്‍ക്കായുള്ള ഭക്ഷണശാലയും ഒരുക്കിയിട്ടുണ്ട്. സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, സി പി ഐ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍, മേയര്‍ പ്രഫ. എ കെ പ്രേമജം ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്നത്തെ സമരത്തില്‍ പങ്കെടുക്കും. എല്‍ ഡി എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേരും.

Latest