കൗതുകമുണര്‍ത്തി കാസര്‍കോട് തീരത്ത് ഇലക്ട്രോണിക് ചാകര

Posted on: July 24, 2013 12:23 am | Last updated: July 24, 2013 at 12:23 am

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ തീരപ്രദേശങ്ങളില്‍ ഇലക്‌ട്രോണിക് ചാകര. കഴിഞ്ഞ നാല് ദിവസങ്ങളിലായാണ് തീരദേശ വാസികള്‍ക്ക് കൗതുകകരമായ കാഴ്ചയൊരുക്കി ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ കരക്കടിഞ്ഞത്. ഇതിനിടെ ഇന്നലെ രാവിലെ 11 മണിയോടെ ഷിറിയ ബേരിക്ക കടപ്പുറത്ത് മൂന്ന് വലിയ ടാങ്കറുകളും കരയ്ക്കടിഞ്ഞത് നാട്ടുകാരില്‍ കൗതുകത്തോടൊപ്പം ഭീതിയുമുളവാക്കി.

റഫ്രിജറേഷന്‍ ഗ്യാസ് എന്ന് എഴുതിയിരിക്കുന്ന സിലണ്ടറുകളുടെ ഉള്ളളവ് 24,000 ലിറ്റര്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വെളുത്ത നിറത്തിലുള്ള സിലിണ്ടറുകള്‍ മൂന്നും യോജിപ്പിച്ച നിലയിലാണ്. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരദേശ പോലീസ്, കുമ്പള പോലീസ്, ബോംബ് സ്‌ക്വാഡ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി ടാങ്കറുകള്‍ പരിശോധിച്ചു.
ടാങ്കറില്‍ ചോര്‍ച്ചയുണ്ടായാല്‍ അപകട സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചത് നാട്ടുകാരെ ഭയാശങ്കയിലാഴ്ത്തി. തീരദേശത്ത് താമസിക്കുന്നവര്‍ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കടലിലൂടെ പല സാധനങ്ങളും ഒഴുകിയെത്തിയിരുന്നു. ഫ്രിഡ്ജ്, ഫുട്‌ബോള്‍, ക്യാപ്പ്, സിലിണ്ടര്‍, സി എഫ് ലാമ്പുകള്‍ തുടങ്ങിയവ പലര്‍ക്കും ലഭിച്ചിരുന്നു. ഫുട്‌ബോളുകളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതലും ലഭിച്ചത്. കുമ്പള, കാസര്‍കോട്, കല്ലൂരാവി, അജാനൂര്‍, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, രാമന്തളി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് കടലിലൂടെ ഒഴുകിയെത്തിയ ഇലക്‌ട്രോണിക്‌സ് ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ലഭിച്ചത്. ഇത് പലരും വില്‍പന നടത്തുകയും ചെയ്തു. ഉപകാരപ്രദമായ ഇത്തരം വസ്തുക്കള്‍ നാട്ടുകാരില്‍ സന്തോഷം വളര്‍ത്തിയെങ്കിലും ടാങ്കര്‍ ഒഴുകിയെത്തിയത് ഭീതിയാണ് ജനിപ്പിച്ചത്. ടാങ്കറിനകത്ത് ഗ്യാസാണുള്ളതെന്ന് ബോംബ് സ്‌ക്വാഡ് പ്രാഥമിക നിഗമനത്തിലെത്തിയിട്ടുണ്ട്.
ഓയില്‍ കമ്പനി അധികൃതരും വിദഗ്ദ്ധരും എത്തി പരിശോധിച്ചാല്‍ മാത്രമേ ടാങ്കറിനകത്തുള്ള ധാതു സംബന്ധിച്ച് വ്യക്തമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.