കൈറോയില്‍ ബ്രദര്‍ഹുഡും മുര്‍സി വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടി

Posted on: July 23, 2013 11:20 pm | Last updated: July 23, 2013 at 11:20 pm

eigiptകൈറോ: പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന ആരോപണത്തെ തുടര്‍ന്ന് രാജ്യത്തെ മുര്‍സി അനുകൂല പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി. തലസ്ഥാനമായ കൈറോയില്‍ നടന്ന ബ്രദര്‍ഹുഡ് പ്രക്ഷോഭം അക്രമാസക്തമായി. ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. മുര്‍സിയെ അനുകൂലിക്കുന്ന ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ അണികളും മുര്‍സിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കാരണക്കാരായ ജനകീയ പ്രക്ഷോഭ സംഘടനയായ തംറദിന്റെയും പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. എന്നാല്‍ സമാധാനപരമായി പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ ആയുധധാരികളായ ഒരു സംഘമാളുകള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബ്രദര്‍ഹുഡ് നേതാക്കള്‍ ആരോപിച്ചു.
കൈറോയിലെ ഗിസാ യൂനിവേഴ്‌സിറ്റിക്ക് സമീപത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇരുപത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ജൂലൈ മൂന്നിന് മുര്‍സിയെ പുറത്താക്കിയതിന് ശേഷം രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം നൂറ് കവിഞ്ഞതായി ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
കൈറോയിലെ തഹ്‌രീര്‍ ചത്വരത്തില്‍ നടന്ന പ്രക്ഷോഭം സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള കനത്ത ഏറ്റുമുട്ടലില്‍ കലാശിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രക്ഷോഭകരില്‍ ചിലര്‍ വെടിവെക്കാന്‍ ശ്രമിച്ചതാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു. അക്രമാസക്തമായ ആറ് ബ്രദര്‍ഹുഡ് പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുര്‍സിയെ സൈന്യം തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും മകള്‍ ഷെയ്മ മുര്‍സി കഴിഞ്ഞ ദിവസം കൈറോയില്‍ നടത്തിയ പത്രസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. ഇതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണമായത്. പ്രമേഹവും കരള്‍ സംബന്ധമായ അസുഖങ്ങളും കൊണ്ട് മുര്‍സി ഏറെ അസ്വസ്ഥനാണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ, അടുത്ത മാസം നടത്താന്‍ നിശ്ചയിച്ച പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഭരണഘടനാ പരിഷ്‌കരണം നടത്തുമെന്നും അതിന്റെ പ്രക്രിയ വേഗത്തിലാക്കിയിട്ടുണ്ടെന്നും ഇടക്കാല പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാറിനെ അംഗീകരിക്കില്ലെന്നും ഭരണഘടനാ ഭേദഗതി നടത്താന്‍ അനുവദിക്കില്ലെന്നും ബ്രദര്‍ഹുഡ് വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ചര്‍ച്ചക്കുള്ള സര്‍ക്കാറിന്റെ ക്ഷണവും ബ്രദര്‍ഹുഡ് നേതൃത്വം തള്ളിയിരിക്കുകയാണ്.