Connect with us

Kasargod

തട്ടിയെടുത്ത കപ്പല്‍ മോചിപ്പിച്ചു; മലയാളക്കരയില്‍ ആഹ്ലാദം

Published

|

Last Updated

കാസര്‍കോട്: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ വിട്ടയച്ചതായുള്ള ഫോണ്‍വിളി എത്തിയതോടെ ഉദുമയിലും കീഴൂരിലും ആഹ്ലാദം. കപ്പല്‍ ജീവനക്കാരായ കളനാട്ടെ വസന്തകുമാര്‍ (36), പാലക്കുന്നിലെ ബാബു (34) എന്നിവരാണ് തങ്ങളെ കപ്പല്‍ കൊള്ളക്കാര്‍ വിട്ടയച്ചതായും സുരക്ഷിതരാണെന്നും അറിയിച്ചത്.
പശ്ചിമ ആഫ്രിക്കയിലെ ഗാബോണില്‍ വെച്ചാണ് 24 ഇന്ത്യക്കാരുള്‍പ്പെടുന്ന കപ്പല്‍ ജൂലൈ 14ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. എട്ട് ദിവസമായി വസന്തകുമാറിന്റെയും ബാബുവിന്റെയും കുടുംബങ്ങള്‍ ഇവരുടെ മോചനത്തിനായുള്ള പ്രാര്‍ഥനയിലായിരുന്നു. ഇന്നലെ രാവിലെ 10.30ഓടെയാണ് ഇരുവീട്ടുകാര്‍ക്കും ഫോണ്‍ സന്ദേശമെത്തിയത്. തങ്ങളടക്കമുള്ള 24 പേരും സുരക്ഷിതരാണെന്ന് ഫോണ്‍ സന്ദേശത്തില്‍ വ്യക്തമാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു.
വസന്തകുമാറിനെയും ബാബുവിനെയും റിക്രൂട്ട് ചെയ്തത് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി ഷിപ് കമ്പനിയാണ്്. എം വി കോട്ടണ്‍ എന്ന എണ്ണ ടാങ്കറാണ് കൊള്ളക്കാര്‍ റാഞ്ചിയത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗാബോണിലെ ജെന്റില്‍ തുറമുഖത്തിനു സമീപത്തു നിന്നാണ് കപ്പല്‍ തട്ടിയെടുത്തത്. എണ്ണ ഊറ്റിയെടുത്ത ശേഷം കൊള്ളക്കാര്‍ കപ്പല്‍ വിട്ടയച്ചതായാണ് സൂചന. കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കൊണ്ടുപോയതായി ഉപഗ്രഹ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുകയായിരുന്നു. മോചനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വസന്തകുമാറും ബാബുവും അറിയിച്ചിട്ടില്ല.

Latest