സോളാര്‍ തട്ടിപ്പ്; പെരുന്നാളിന് ശേഷം സമരം ശക്തമാക്കുമെന്ന് തോമസ് ഐസക് എം എല്‍ എ

Posted on: July 21, 2013 7:48 am | Last updated: July 21, 2013 at 7:48 am

മലപ്പുറം: സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം നടത്തുന്ന സമരം പെരുന്നാളിന് ശേഷം ശക്തമാക്കുമെന്ന് തോമസ് ഐസക് എം എല്‍ എ. ഇക്കാര്യത്തില്‍ ഇടതുമുന്നണി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കലക്ടറേറ്റ് പടിക്കല്‍ എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിനെ താഴെയിറക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന സമരമല്ല ഇത്. തട്ടിപ്പ് നടന്നുവെന്നും അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നും യു ഡി എഫ് നേതാക്കള്‍ പോലും പറഞ്ഞുകഴിഞ്ഞു. എന്നിട്ടും മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടാന്‍ തയ്യാറാകാതെ തല്‍സ്ഥാനത്ത് തുടരുകയാണ്. കേരളത്തിലെ മന്ത്രി സഭ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കില്ലെന്നും അതിന് മുമ്പെ മറിഞ്ഞ് വീഴുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ കൈയും കാലും കെട്ടി നടത്തുന്ന അന്വേഷണം കൂടുതല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടയിലുളളതാണെന്ന് തുടര്‍ന്ന് പ്രസംഗിച്ച വി എസ് സുനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. ഹൈക്കമാന്റിന്റെ ഒത്താശയോടെ ഉമ്മന്‍ ചാണ്ടിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നടത്തിയ തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ എല്‍ ഡി എഫ് ഏത് അറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു. എം എല്‍ എമാരായ കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍, സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍, എല്‍ ഡി എഫ് കണ്‍വീനര്‍ വി ഉണ്ണികൃഷ്ണന്‍, ടി കെ ഹംസ, ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പ്രൊഫ. ശശിധരന്‍നായര്‍, ഡോ സി പി ഗുരിക്കള്‍ (എന്‍ സി പി), കവറോടി മുഹമ്മദ് (കോണ്‍ഗ്രസ് എസ്), പി മുഹസിന്‍ (ജനദാതള്‍) പ്രസംഗിച്ചു. നേരത്തെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ സമാപിച്ചു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ കെ മോഹന്‍ദാസ്, സാദിഖലി മഠത്തില്‍, എം എ റസാക്, കെ പി സുമതി, സി വിജയലക്ഷ്മി എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.